മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; അന്ത്യവിശ്രമം യമുനാതീരത്തെ നിഗംബോധ് ഘട്ടിൽ
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങിന് വിട നല്‍കി രാജ്യം. യമുനാ തീരത്തെ നിഗംബോധ് ഘട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മന്‍മോഹന്‍ സിങ്ങിന്റെ മൂത്തമകള്‍ ഉപീന്ദര്‍ സിങ്ങാണ് ചിതയ്ക്ക് തീ കൊളുത്തിയത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഭൂട്ടാന്‍ രാജാവ്, തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 9.51 ഓടെയാണ് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ മന്‍മോഹന്‍ സിങ് അന്തരിച്ചത്. ഡല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പൊതുദര്‍ശനത്തിന് ശേഷമാണ് അദ്ദേഹത്തെ നിഗംബോധ് ഘട്ടില്‍ സംസ്‌കാരത്തിനായി എത്തിച്ചത്.
സാമ്പത്തിക വിഷയങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഏതൊരു നേതാവും ഏതു സമയത്തും ആശ്രയിച്ച ഉപദേഷ്ടാവായിരുന്നു ഡോ.മന്‍മോഹന്‍ സിങ്. പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സാമ്പത്തികരംഗത്തും പരിസ്ഥിതി- കാലാവസ്ഥാ സംരക്ഷണ മേഖലയിലും നിലകൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. കാലാവസ്ഥാവ്യതിയാനം ആഗോളതലത്തില്‍ ഒരുപോലെ ഭീഷണിയും ആശങ്കയും ഉയര്‍ത്തിയ ആദ്യനാളുകളില്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് ആദ്യമായി ഇന്ത്യയില്‍ കാലാവസ്ഥാവ്യതിയാനം ചെറുക്കാനായി ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുന്നത്. അതേത്തുടര്‍ന്ന് വനാവകാശ നിയമം പ്രാബല്യത്തില്‍ വന്നു.
ആദിവാസി അവകാശ സംരക്ഷണം വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെടുകയും ദേശീയ ഹരിത ട്രിബ്യൂണല്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു. അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങളും പോളിസികളും ഇന്ത്യയിലെ അടിസ്ഥാനവര്‍ഗങ്ങളുടെ ക്ഷേമത്തിനുതകുന്നവയായിരുന്നു. രാജ്യത്തെ ആദിവാസി ഗോത്രവിഭാഗക്കാര്‍ ദശാബ്ദങ്ങളായി അനുഭവിച്ചുവരുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ ഗൗരവപൂര്‍വം പരിഗണിച്ചത് മന്‍മോഹന്‍സിങ് ആദ്യമായി പ്രധാനമന്ത്രിയായ കാലത്തായിരുന്നു.
Description: The country bid farewell to former Prime Minister Dr. Manmohan Singh