തൂണുകള്‍ ഉയര്‍ന്നുതുടങ്ങി; തോരായിക്കടവ് പാലത്തിന്റെ പണി പുരോഗമിക്കുന്നു; തോരായിക്കടവ് പാലത്തിന്റെ പണി പുരോഗമിക്കുന്നു


കൊയിലാണ്ടി: കൊയിലാണ്ടി – ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവ് പാലത്തിന്റെ പണി പുരോഗമിക്കുന്നു. നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന പാലത്തിന്റെ പണി എല്‍.ഡി.എഫ് സര്‍ക്കാര്‍ കിഫ്ബി മുഖേനയാണ് നടപ്പിലാക്കുന്നത്.

2023 ആഗസ്റ്റ് 3 ന് പൊതു മാരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പാലത്തിന്റെ തൂണുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. മുകളിലെ ബീമുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഉള്ളൂര്‍ക്കടവ് പാലത്തിന്റെ പണി പൂര്‍ത്തിയാവുന്ന മുറയ്ക്ക് അവിടെ നിന്നുള്ള തൊഴിലാളികളെയും ഉപകരണങ്ങളും എത്തിച്ച് പ്രവൃത്തി വേഗത്തിലാക്കും.

18 മാസ കാലാവധിയില്‍ പണിതീര്‍ക്കണമെന്നാണ് എഗ്രിമെന്റില്‍ പറയുന്നത്. മലപ്പുറം ആസ്ഥാനമായി പ്രവൃത്തിക്കുന്ന പി.എം.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്. 265 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. മധ്യത്തില്‍ 55 മീറ്റര്‍ നീളത്തിലും ജലവിതാനത്തില്‍ നിന്ന് ആറുമീറ്റര്‍ ഉയരത്തിലുമായി ബോസ്ട്രിങ് ആര്‍ച്ച് രൂപത്തിലാണ് പാലത്തിന്റെ രൂപ കല്‍പ്പന. എട്ടുതൂണുകളാണ് പാലത്തിനുണ്ടാവുക.

തോരായിക്കടവ് പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ അത്തോളി ഭാഗത്തുള്ളവര്‍ക്ക് പാലം കടന്ന് എളുപ്പത്തില്‍ പൂക്കാടെത്തി ദേശീയപാതയില്‍ പ്രവേശിക്കാന്‍ കഴിയും. തോരായിക്കടവ് റോഡില്‍ ബസ് സര്‍വ്വീസ് നിലവിലുണഅട്. പാലംവരുന്നതോടെ അത്തോളി തോരായിക്കടവ് പൂക്കാട് റോഡില്‍ ഗതാഗതസൗകര്യം വര്‍ധിക്കും.