‘ക്ലിഫ് ഹൗസിൽ എത്തിച്ച ബിരിയാണി ചെമ്പുകളിൽ ഭാരമേറിയ ലോഹ വസ്തുക്കൾ’; കള്ളക്കടത്തിൽ മുഖ്യ മന്ത്രിക്ക് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ്; പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം


കൊയിലാണ്ടി: കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രി പങ്കാളിയെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കൊയിലാണ്ടിയിൽ പ്രകടനവുമായി യൂത്ത് കോൺഗ്രസ്. കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെയും, ഓഫീസിന്റെയും പങ്ക് വിശദീകരിച്ചു കൊണ്ട് സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തിയത്. . മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്.

2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്‍സിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെ വിളിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണ കേസില്‍ കോടതിയില്‍ രഹസ്യമൊഴി നൽകിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് വിശദീകരിച്ചത്.

‘മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ പരിശോധിക്കുന്നതിനും വിമാനത്താവളത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് എന്നെ വിളിച്ചത്. പിന്നീട് മുഖ്യമന്ത്രി അടിയന്തരമായി ഒരു ബാഗ് മറന്നുവച്ചെന്നും അത് എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ശിവശങ്കർ അറിയിച്ചു. ആ ബാഗ് കോൺസുലേറ്റിന്റെ ഉദ്യോഗസ്ഥർ കൊണ്ടുവന്നപ്പോൾ അതിൽ കറൻസി ആണെന്ന് മനസ്സിലായി. അതിനൊപ്പം ജവഹർ നഗറിൽനിന്ന് കോൺസുലേറ്റ് ജനറലിന്റെ ഓഫിസിൽനിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി പാത്രങ്ങൾ ശിവശങ്കറിന്റെ നിർദേശ പ്രകാരം എത്തിച്ചിട്ടുണ്ട്. ഇതിൽ ബിരിയാണി മാത്രമല്ല, ഭാരമുള്ള നിരവധി വസ്തുക്കളും ഉണ്ടായിരുന്നു’.

യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ്‌, വൈസ് പ്രസിഡന്റ് തൻഹീർ കൊല്ലം, റാഷിദ് മുത്താമ്പി, അഭിനവ് കണക്കശ്ശേരി,നീരജ് നിരാല, അമൽ ചൈത്രം, റംഷി കാപ്പാട്,റൗഫ് ചെങ്ങോട്ടുകാവ് അഡ്വ.ഷഹീർ,സുധീഷ് പൊയിൽക്കാവ്, സജിത് കാവുംവട്ടം, ഷാനിഫ് വരകുന്ന്,ജാസിം നടേരി എന്നിവർ നേതൃത്വം നൽകി.