രണ്ട് രൂപ വാങ്ങും, പക്ഷേ വൃത്തിയുള്ള യൂറിനലുകളോ വാഷ് ബേസിനോ ഇല്ല; ശോചനീയാവസ്ഥയിലായി കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ; ടോയ്ലറ്റ് സൗകര്യം മെച്ചപ്പെടുത്തണമെന്നാവശ്യവുമായി യാത്രക്കാർ
കോഴിക്കോട്: വിവിധ ആവശ്യങ്ങൾക്കായി പേരാമ്പ്ര ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് നിരവധി പേരാണ് ദിനംപ്രതി കോഴിക്കോടെത്തുന്നത്. ബസ് മാർഗമാണ് ഇവിരിൽ ഭൂരിഭാഗം ആളുകളും വരുന്നത്. നഗരത്തിലെത്തിയാൽ പുതിയ സ്റ്റാൻറ് അഥവാ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലുള്ള കംഫർട്ട് സ്റ്റേഷനാണ് മൂത്രശങ്കയ്ക്കുള്ള പ്രധാന ആശ്രയ കേന്ദ്രം. എന്നാൽ ശോചനീയാവസ്ഥയിലുള്ള കംഫർട്ട് സ്റ്റേഷൻ കാരണം യാത്രയിലുടനീളം മൂത്രമൊഴിക്കാതെ തിരികെ പോരേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
രണ്ട് രൂപയാണ് കംഫർട്ട് സ്റ്റേഷനിൽ മൊഴിക്കാനുള്ള ചാർജ്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരും തൊഴിലാളികളുമാണ് ഈ കംഫേർട്ട് സ്റ്റേഷൻ ഉപയോഗിക്കുന്നത്. ടൈൽസ് പാകിയ ഒര് ‘ഓവ്ചാലി’ലേക്കാണ് മൂത്രമൊഴിക്കേണ്ടത്. ഇത് വരെ ഈ രീതിക്ക് മാറ്റവുമുണ്ടായിട്ടില്ല. കോർപ്പറേഷൻ നേരിട്ടോ അല്ലങ്കിൽ കരാറുകാരെ കൊണ്ടോ ആവശ്യത്തിന് യൂറിനൽ സ്ഥാപിച്ച് കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നടപടികളൊന്നും നിലവിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. വൃത്തിയുള്ള വാഷ്ബേസിൻ പോലും ഇതിനുള്ളിലില്ല. കംഫർട്ട് സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെയും തൊഴിലാളികളുടെയും ആവശ്യം.
ആവശ്യമായ യൂറിയനുകൾ സ്ഥാപിച്ച് കംഫർട്ട് സ്റ്റേഷൻ നവീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. മഞ്ഞപ്പിത്തം പോലുള്ള ജലജന്യ രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം സാഹചര്യത്തിലും കോർപ്പറേഷനിലെ ആരോഗ്യ വിഭാഗം ജീവനക്കാർ ഇത് കണ്ടില്ലന്ന് നടിക്കുകയാണെന്നും ആരോപണമുണ്ട്.
കംഫർട്ട് സ്റ്റേഷന്റെ ഉപയോഗത്തിന് ജനങ്ങളിൽ നിന്ന് പണമീടാക്കുന്നതിനാൽ യൂറിനലുകൾ വാങ്ങാനും അനുബന്ധ പ്രവൃത്തികൾക്കും ഈ തുക ഉപയോഗിക്കാൻ കഴിയില്ലെയെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. അധീകൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.