പിഷാരികാവിലെ ദേവിയുടെ നാന്തകത്തിന് അകമ്പടി സേവിക്കുന്ന ചെട്ടിമാര്‍; കാലവും ദൂരവും തലമുറകളും പിന്നിട്ട ഈ ആചാരത്തിനു പിന്നിലെ കഥകളറിയാം


കൊയിലാണ്ടി: പിഷാരികാവിലെ നാന്തകം എഴുന്നള്ളിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പേരാണ് അകമ്പടി ചെട്ടിമാര്‍. നാന്തകം എഴുന്നള്ളിക്കുമ്പോള്‍ ആനയ്ക്ക് മുമ്പിലായാണ് ഇവര്‍ നില്‍ക്കുക. സംസാരിക്കുന്നത് തമിഴും. ഷര്‍ട്ട് ധരിക്കാതെ വര്‍ണ്ണക്കവ് തുണികള്‍ കൊണ്ട് തലയില്‍ കെട്ടി കസവുമുണ്ടുടുത്ത പൂണൂലിട്ട ഇവരാണ് അകമ്പടി ചെട്ടിമാര്‍ എന്നറിയപ്പെടുന്നത്. നാന്തകം എഴുന്നള്ളത്ത് ആരംഭിക്കുമ്പോള്‍ ഇവര്‍ ചില മന്ത്രങ്ങളോ ശ്ലോകങ്ങളോ ചൊല്ലും. ചിലപ്പതികാരത്തിലെ ചില ശ്ലോകങ്ങളാണ് ഉരുവിട്ടു തുടങ്ങുന്നത്.

ഈ അകമ്പടി ചെട്ടിമാരും ഇത്രയും ദൂരം താണ്ടി പിഷാരികാവിലെ ഉത്സവദിനങ്ങളില്‍ ഇവിടെയെത്തുന്നത് സംബന്ധിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ഇങ്ങനെയാണ്. തമിഴ്‌നാട്ടിലെ രാജകീയ പ്രതാപത്തോടുകൂടിയ സ്ഥാനികരാണ് നാട്ടുകോട്ട ചെട്ടി. ലോക പ്രസിദ്ധരായ ഈ വ്യാപാരി സമൂഹത്തില്‍ ഒരു വിഭാഗം പണ്ട് തെക്കന്‍ കൊല്ലത്തുമുണ്ടായിരുന്നു. വൈശ്യപ്രമാണിമാര്‍ വടക്കന്‍ കൊല്ലത്തേക്ക് കുടിയേറി പാര്‍ത്തതോടെ ഉത്സവനാളുകളില്‍ ദേവിയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിക്കാനുള്ള അവകാശം നല്‍കി അംഗീകരിച്ച് കൊല്ലത്തിലൊരിക്കല്‍ കൊല്ലത്തെത്തി പഴയ ആത്മബന്ധം പുതുക്കാനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചതാകാമെന്നതാണ് ഈ കഥ.

എന്നാല്‍ ചെട്ടിമാരില്‍ ഒരു വിഭാഗം അവകാശപ്പെടുന്നത് മറ്റൊരു കഥയാണ്. കണ്ണകി-കോവലന്‍ കഥയുമായി ബന്ധപ്പെട്ടുള്ള ഒന്ന്. വൈര വ്യാപാരികളായ ആയിരവൈശ്യന്മാര്‍ എന്ന ചെട്ടിഗോത്രങ്ങളുടെ കുലദേവതയായിരുന്നു കണ്ണകി.

പ്രതാപശാലികളായ ചെട്ടിമാരുടെ പ്രതാപം അവസാനിപ്പിക്കാന്‍ സമ്പത്തിന്റെ വലിയ ഭാഗം രാജാവ് കപ്പമായി ആവശ്യപ്പെടുന്നു. എന്നാല്‍ ചെട്ടിമാര്‍ അത് നല്‍കാന്‍ തയ്യാറായില്ല. ഇതോടെ രാജാവും ചെട്ടിമാരും ഏറ്റുമുട്ടി. ചെട്ടിമാരുടെ സ്ത്രീകളുടെ രാജകിങ്കരന്മാര്‍ കൂട്ടക്കുരുതി ചെയ്തു. അതോടെ തിരുവിതാംകൂര്‍ രാജ്യംവിട്ട് എങ്ങോട്ടെങ്കിലും പോകാന്‍ ചെട്ടിമാര്‍ തീരുമാനിക്കുന്നു. കുലദേവതയായ കണ്ണകിയെ ഒരു വാളില്‍ ആവാഹിച്ച് അവര്‍ കൂടെ കൊണ്ടുപോന്നു. ഈ വാളാണ് നാന്തകം. നാന്തകവുമായി പന്തലായനി തുറമുഖത്തെത്തിയ ഇവര്‍ കുറുമ്പ്രനാട് രാജാവിന്റെ സഹായത്തോടെ കുലദേവതയെ പിഷാരികാവില്‍ കുടിയിരുത്തിയെന്നാണ് പറയുന്നത്.

ഒരുപാട് തലമുറകള്‍ക്കിപ്പുറവും പിഷാരികാവിലെ കാളിയാട്ടത്തിന് ദേവിയുടെ നാന്തകം പുറത്തെഴുന്നള്ളിക്കുന്ന വലിയ വിളക്ക്, കാളിയാട്ടം ദിവസങ്ങളില്‍ ചെട്ടിമാര്‍ എത്തി ദേവിയുടെ പുറത്തെഴുന്നള്ളത്തിന് അകമ്പടി സേവിക്കും. അങ്ങിനെയാണവര്‍ അകമ്പടി ചെട്ടിമാര്‍ എന്നറിയപ്പെട്ടത്.

മറ്റൊരു കഥ തിരുവിതാംകൂര്‍ രാജവംശവുമായി തെറ്റിപ്പിരിഞ്ഞ വ്യാപാരി നായന്മാരായ എട്ട് കുടുംബങ്ങളുടെ കച്ചവട പങ്കാളികളായിരുന്നു ചെട്ടിമാര്‍ എന്നതാണ്. ഈ എട്ട് കുടുംബങ്ങള്‍ കടല്‍മാര്‍ഗം പന്തലായനി കൊല്ലമെത്തിയെന്നും അവര്‍ അവരുടെ സര്‍വ്വൈശ്വര്യങ്ങള്‍ക്കും കാരണമായ ദേവിയുടെ ഉടവാള്‍ പ്രതിഷ്ഠിച്ച് പൂജ നടത്തിയ ഇടമാണ് പിഷാരികാവ് ക്ഷേത്രമെന്നും വിശ്വസിക്കുന്നവരുണ്ട്. തങ്ങളുടെ കച്ചവട പങ്കാളികളായ ചെട്ടിമാരോടുള്ള ആദര സൂചകമായാണ് അഴരെ ഓല കൊടുത്ത് ക്ഷണിച്ചുവരുത്തി ആദരിക്കുന്നതെന്നുമാണ് ചിലര്‍ വിശ്വസിക്കുന്നത്.