കക്കൂസ് മാലിന്യം തള്ളുന്നതിന് തടയിടാന്‍ നെല്ല്യാടിയില്‍ നാട്ടുകാര്‍ സ്ഥാപിച്ച സി.സി.ടി.വി മോഷണം പോയി; നഷ്ടമായത് ക്യാമറ സ്ഥാപിച്ച് നാലുമാസത്തിനുള്ളില്‍
കൊയിലാണ്ടി: നെല്ല്യാടി പാലത്തിനു സമീപം സ്ഥാപിച്ച സി.സി.ടി.വി ക്യാമറ മോഷണം പോയതായി പരാതി. ഇന്നലെ രാത്രിയാണ് ക്യാമറ മോഷണം പോയത്. നെല്ല്യാടി പാലത്തിനു സമീപം കക്കൂസ് മാലിന്യമടക്കമുള്ള മാലിന്യങ്ങള്‍ വ്യാപകമായി കൊണ്ടുതള്ളുന്നതിന് തടയിടാനായി പ്രദേശവാസികളുടെ സഹകരണത്തോടെ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയാണ് മോഷണം പോയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് നാലാം വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ മാസ്റ്റര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഏകദേശം നാലുമാസം മുമ്പാണ് ഇവിടെ ക്യാമറകള്‍ സ്ഥാപിച്ചത്. അതിനു മുമ്പ് ഒരു മാസം രണ്ടുതവണ ഇവിടെ കക്കൂസ് മാലിന്യങ്ങള്‍ നിക്ഷേപിച്ച സംഭവമുണ്ടായിരുന്നു.
ഇതുമൂലം ദുരിതത്തിലായ പരിസരവാസികള്‍ പ്രശ്‌നപരിഹാരത്തിനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് അതുവഴി സമാഹരിച്ച തുകകൊണ്ടാണ് സി.സി.ടി.വി ക്യാമറകള്‍ വാങ്ങുകയും സ്ഥാപിക്കുകയും ചെയ്തത്. കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാറായിരുന്നു സി.സി.ടി.വി ക്യാമറ ഉദ്ഘാടനം ചെയ്തത്.
ക്യാമറ സ്ഥാപിച്ചതിനുശേഷം ഒരുതവണപോലും ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ടിട്ടില്ലെന്നും രമേശന്‍ മാസ്റ്റര്‍ പറഞ്ഞു. വാഹനങ്ങളിലോ മറ്റോ എത്തി ക്യാമറ ഇവിടെ നിന്നും കട്ട് ചെയ്ത് മാറ്റിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.