പത്ത് ദിവസം മുമ്പ് 17 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു; ബുധനാഴ്ചയോടെ ക്യാമറകള്‍ പ്രവര്‍ത്തനരഹിതം: സംഭവത്തിനു പിന്നില്‍ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികള്‍ തന്നെയെന്ന് പൊലീസ്


കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കി. ബുധനാഴ്ച രാവിലെയാണ് സംഭവം ഹോം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികളായ കുട്ടികള്‍തന്നെയാണ് ക്യാമറയുടെ കണക്ഷന്‍ വയറുകള്‍ പൊട്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

10 ദിവസങ്ങള്‍ക്ക് മുമ്പാണ് ചില്‍ഡ്രന്‍സ് ഹോമില്‍ 17 കാമറകള്‍ സ്ഥാപിച്ചത്. ഹോമില്‍നിന്ന് ആറു പെണ്‍കുട്ടികള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കാമറകള്‍ സ്ഥാപിച്ചത്. ഇതാണ് പൊട്ടിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി.

തകരാറിലായ ക്യാമറയുടെ കണക്ഷന്‍ ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ ശരിയാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ആറു പെണ്‍കുട്ടികള്‍ ചാടിപ്പോയത്. കുട്ടികള്‍ പോയത് അധികൃതര്‍ അറിഞ്ഞപ്പോഴേക്കും ഇവര്‍ ബംഗളൂരുവില്‍ എത്തിയിരുന്നു. പൊലീസ് അവിടെ എത്തിയപ്പോഴേക്കും നാലു കുട്ടികള്‍ രക്ഷപ്പെടുകയും രണ്ടുപേര്‍ പിടിയിലാവുകയും ചെയ്തു. ബാക്കി നാലുപേരെ പിന്നീട് നിലമ്പൂരില്‍നിന്നാണ് പിടികൂടിയത്.

ചില്‍ഡ്രന്‍സ് ഹോമില്‍ സ്വാതന്ത്ര്യമില്ലെന്നാണ് ഇറങ്ങിപ്പോയതിന് കുട്ടികള്‍ കാരണം പറഞ്ഞത്. കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ കൂടെ വിട്ടിരുന്നെങ്കിലും ചിലര്‍ തിരിച്ചു വന്നു. ഈ സംഭവത്തിനുശേഷമാണ് ചില്‍ഡ്രന്‍സ് ഹോമില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ചത്.


[bot1]