”എന്ത് ചെയ്യും എവിടെ തിരയുമെന്നറിയാതെ നില്‍ക്കുമ്പോഴാണ് കെ.എസ്.ഇ.ബി ജീവനക്കാരുടെ ഫോണ്‍ കോള്‍ വരുന്നത്”; അത്തോളിയിലെ ലൈന്‍മാന്‍മാരുടെ ജാഗ്രതയില്‍ വേളൂര്‍ സ്വദേശിനിയ്ക്ക് തിരികെ ലഭിച്ചത് പണവും വിലപ്പെട്ട രേഖകളും
അത്തോളി: വേളൂരിലെ വീട്ടിലേക്കുള്ള ബൈക്ക് യാത്ര ചെയ്യവേ മുമ്പില്‍വെച്ചതായിരുന്നു ബാഗ്, കുറച്ചധികം പണവും വിലപ്പെട്ട രേഖകളുമടക്കം അത്യാവശ്യ സാധനങ്ങള്‍ ഏറെയുണ്ട്. യാത്രയ്ക്കിടെ അത് വണ്ടിയില്‍ നിന്നും തെറിച്ച് റോഡില്‍ വീണത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വീട്ടിലെത്തി വണ്ടിയില്‍ നിന്നിറങ്ങിയപ്പോഴാണ് ബാഗ് കളഞ്ഞുപോയെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. എന്ത് ചെയ്യും ഇനി എവിടെ തിരയും എന്നറിയാതെ നെഞ്ചിടിപ്പോടെ നില്‍ക്കുമ്പോഴാണ് കെ.എസ്.ഇ.ബി ജീവനക്കാരുടെ കോള്‍ വരുന്നത്. വേളൂര്‍ സ്വദേശിനിയ്ക്കുണ്ടായ ആശ്വാസം ഫോണിലൂടെ തന്നെ ഞങ്ങള്‍ അറിഞ്ഞതാണെന്നും അപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും കെ.എസ്.ഇ.ബി ജീവനക്കാരും പറയുന്നു.
തിങ്കളാഴ്ച പീക്ക് ഡ്യൂട്ടിയ്ക്കിടെ രാത്രി ഏഴ് മണിയോടെയാണ് അത്തോളി സെക്ഷനിലെ ലൈന്‍മാന്‍മാരായ ബാബു, ശ്രീജിത്ത് എന്നിവര്‍ ഒരു അറ്റകുറ്റപ്പണികഴിഞ്ഞ് മടങ്ങവെ റോഡില്‍ ഒരു ബാഗ് കാണുന്നത്. ആദ്യം കരുതി വെയ്‌സ്റ്റ് കൊണ്ട് റോഡിലിട്ടതാകാമെന്നാണ്. പിന്നീട് ഒന്നുകൂടി ശ്രദ്ധിച്ചുനോക്കിയപ്പോള്‍ ഒരു സ്ത്രീയുടെ ബാഗാണെന്ന് മനസിലായി. കയ്യിലെടുത്ത് ഒറ്റനോട്ടത്തില്‍ തന്നെ കളഞ്ഞുപോയതാണെന്ന് മനസിലായി. ഉടനെ കെ.എസ്.ഇ.ബി ഓഫീസിലെത്തി ബാഗ് കിട്ടിയകാര്യം അറിയിക്കുകയും അവിടെവെച്ച് പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് പണവും റേഷന്‍ കാര്‍ഡും ബാങ്ക് പാസ്ബുക്കും അടക്കമുള്ള പ്രധാന രേഖകള്‍ കണ്ടത്. രേഖകളില്‍ നിന്നും വിലാസവും ഫോണ്‍ നമ്പറും കണ്ടതോടെ ആ നമ്പറില്‍ വിളിച്ച് കാര്യം പറഞ്ഞു. ബാഗ് കിട്ടിയെന്ന് കേട്ടപ്പോള്‍ മറുതലയ്ക്കലുണ്ടായ ആശ്വാസം ഫോണിലൂടെ തന്നെ അറിയാനായി. കെ.എസ്.ഇ.ബി ഓഫീസില്‍ ബാഗ് സുരക്ഷിതമായി ഉണ്ടെന്നും വന്ന് കൈപ്പറ്റാമെന്നും അറിയിച്ചു.
രാത്രി തന്നെ വേളൂര്‍ സ്വദേശിനി കെ.എസ്.ഇ.ബി ഓഫീസിലെത്തി ബാഗ് വാങ്ങിച്ചു. ജീവനക്കാരോട് നന്ദി പറഞ്ഞാണ് യുവതി മടങ്ങിയത്.
Summary: The cash and valuable documents were recovered by the Vellore native on the vigilance of the linemen at Atholi