കലോത്സവ നഗരിയില്‍ ചായങ്ങള്‍കൊണ്ട് വിസ്മയമൊരുക്കി പേരാമ്പ്രയിലെ ചിത്രകാരന്മാര്‍; ആസ്വാദകര്‍ക്ക് വിരുന്നായി ‘ദ ക്യാമ്പ്’ കൂട്ടായ്മയുടെ ചിത്രപ്രദര്‍ശനം


പേരാമ്പ്ര: ജില്ലാ കലോത്സവത്തിനെത്തുന്നവര്‍ക്കായി മനോഹരമായ ചിത്രങ്ങള്‍ക്കൊണ്ട് വിസ്മയം തീര്‍ത്ത് പേരാമ്പ്രയിലെ ചിത്രകാരന്മാര്‍. അറുപതോളം ചിത്രകാരന്മാരുടെ കൂട്ടായ്മയായ ദ ക്യാമ്പ് (ക്രിയേറ്റീവ് ആര്‍ട്ട് മാസ്റ്റേഴ്‌സ് ഓഫ് പേരാമ്പ്ര) ആണ് മനോഹരമായ ചിത്രങ്ങള്‍ കൊണ്ട് കലോത്സവത്തിന് പകിട്ടേകിയിരിക്കുന്നത്.

ജില്ലാ കലോത്സവ സാംസ്‌കാരിക സദസ്സും വി. ക്യാമ്പ് പേരാമ്പ്രയുമാണ് കലോത്സവത്തിന്റെ പ്രധാന വേദിയായ സബര്‍മതിയ്ക്ക് സമീപം ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. പേരാമ്പ്രയിലെയും പരിസര പ്രദേശങ്ങളിലെയും 24 ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കലോത്സവം അവസാനിക്കുന്ന ഡിസംബര്‍ എട്ടുവരെ പ്രദര്‍ശനം തുടരും.

ദ ക്യാമ്പ് കൂട്ടായ്മയുടെ ചിത്രങ്ങള്‍ക്കൊപ്പം കലോത്സവത്തില്‍ മത്സരാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങള്‍ മൂല്യനിര്‍ണയും പൂര്‍ത്തിയായശേഷം ഇവിടെ പ്രദര്‍ശിപ്പിക്കും. ദ ക്യാമ്പ് കൂട്ടായ്മയിലെ കലാകാരന്മാര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത് ലൈവായി കാണാനും കഴിയും.

കലോത്സവം കാണാനെത്തുന്നവരും പരിപാടിയില്‍ പങ്കെടുക്കുന്നരുമായി നിരവധി പേരാണ് ചിത്രങ്ങള്‍ കാണാന്‍ ഇവിടെയെത്തുന്നത്. ചിത്രപ്രദര്‍ശനം ആണ് പ്രധാനമായും ലക്ഷ്യമിടുന്നതെങ്കിലും ചിത്രങ്ങള്‍ താല്‍പര്യമുള്ളവര്‍ക്ക് വാങ്ങിക്കാനും സൗകര്യമുണ്ടെന്ന് ദ ക്യാമ്പ് കൂട്ടായ്മയിലെ ചിത്രകാരന്മാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ചിത്ര പ്രദർശനം ടി.പി. രാമകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്തു. സാംസ്കാരിക കമ്മറ്റി ചെയർമാൻ കെ.കെ.പ്രേമൻ അധ്യക്ഷത വഹിച്ചു. എം.ജി. ബൽരാജ്, ബിജു കാവിൽ , അഭിലാഷ് തിരുവോത്ത് , രഞ്ജിത്ത് പട്ടാണിപ്പാറ, കെ.സി.രാജീവൻ എന്നിവർ പ്രസംഗിച്ചു.