സീറ്റില്‍ മറന്നുവെച്ച നിലയില്‍ പേഴ്‌സ്; സ്വര്‍ണ്ണമാലയും പണവുമടങ്ങുന്ന പേഴ്‌സ് ഭദ്രമായി ഉടമയ്ക്ക് തിരികെ ഏല്‍പ്പിച്ച് കൊയിലാണ്ടി- വടകര റൂട്ടിലോടുന്ന ബസ്സ് ജീവനക്കാര്‍


പയ്യോളി: ബസ്സില്‍വെച്ച് കളഞ്ഞുകിട്ടിയ മൂന്നരപവന്‍ മാലയും പണവുമടങ്ങിയ പേഴ്‌സ് യാത്രക്കാരിയ്ക്ക് ഭദ്രമായി തിരികെ ഏല്‍പ്പിച്ച് കൊയിലാണ്ടി- വടകര റൂട്ടിലോടുന്ന ബസ്സ് ജീവനക്കാര്‍. സാരംഗ് ബസ്സിലെ ഡ്രൈവര്‍ പയ്യോളി കാപ്പിരിക്കാട്ടില്‍ കെ. രജീഷ്, കണ്ടക്ടര്‍ അയനിക്കാട് കമ്പിവളപ്പില്‍ കെ.വി അക്ഷയ് എന്നിവരാണ് മാതൃകകാട്ടിയിരിക്കുന്നത്.

ഇന്നലെ വൈകീട്ട് 6.30 തോടെയാണ് ബസ്സില്‍ സീറ്റില്‍ മറന്നുവെച്ച നിലയില്‍ ഇരുവരും പേഴ്‌സ് കാണുന്നത്. ഉടനെ തന്നെ പേഴ്‌സ് പരിശോധിച്ച് പാസ്ബുക്കിലെ വിവരമനുസരിച്ച് കൊയിലാണ്ടി സ്വദേശിനിയായ ഷീനയുടേതാണെന്ന് മനസ്സിലായത്. ഉടനെ ഇവരെ കാര്യമറിയിക്കുകയും തുടര്‍ന്ന് പേഴ്‌സ് ഭദ്രമായി പയ്യോളി പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയ്ക്ക് പയ്യോളി പോലീസ് സ്‌റ്റേഷനില്‍വെച്ച് ഉടമയ്ക്ക് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് പേഴ്‌സ് കൈമാറി. .എസ്.ഐ.എ കെ. ഷൈബു, എസ്.എച്ച്.ഒ എ.കെ സജീഷ്, ബി.എം.എസ് പയ്യോളി മേഖലാ പ്രസിഡന്റ്‌റ് പി.വി ശിവ പ്രകാശന്‍, എം.സി രൂപേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് കൈമാറിയത്.