വടകര പുഞ്ചിരിമില്ലിൽ പിക്കപ്പ് വാൻ തട്ടി റോഡിലേക്ക് വീണ സ്കൂട്ടർ യാത്രികരെ രക്ഷിച്ച് ബസ്ഡ്രൈവർ; ഇത് മനോധൈര്യം, സല്യൂട്ട് നൽകി സോഷ്യൽമീഡിയ


വടകര: ദേശീയപാതയിൽ പുഞ്ചിരിമില്ലിൽ മിനി ലോറി ഇടിച്ച് താഴെ വീണ സ്‌കൂട്ടർ യാത്രക്കാരെ ഒരുനിമിഷത്തെ മനോധൈര്യം കൊണ്ട് രക്ഷിച്ച് ബസ് ഡ്രൈവർ. ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. വടകര തൊട്ടിൽപ്പാലം റൂട്ടിലോടുന്ന നാവി​ഗേറ്ററ്‍ ബസിന്റെ ഡ്രൈ‍വർ ഷിജേഷാണ് മൂന്ന് ജീവനുകൾ രക്ഷിച്ചത്.

ബസിന് മുന്നിൽ പോവുകയായിരുന്ന സ്‌കൂട്ടറിനെ ഒരു പിക്കപ്പ് വാൻ മറികടക്കാൻ ശ്രമിച്ചു. ഇതിനിടെ പിക്കപ്പ് വാൻ തട്ടി സ്കൂട്ടറിൽ നിന്ന് യാത്രികരായ കുട്ടി ഉൾപ്പടെ 3 പേർ റോഡിലേക്ക് തെറിച്ചുവീണു. ബസിന് മുന്നിലേക്കാണ് മൂവരും വീണത്. ഒരുനിമിഷത്തെ മനോധൈര്യം കൊണ്ട് ഡ്രൈവർ ഷിജേഷ് ബസ് പെട്ടെന്ന് വെട്ടിച്ചുമാറ്റി. അല്ലായിരുന്നെങ്കിൽ റോഡിലേക്ക് വീണ മൂവരുടേയും ദേഹത്തേക്ക് ബസിന്റെ ടയറുകൾ കയറിയിറങ്ങുമായിരുന്നു.

അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ ഡ്രൈവർ ഷിജേഷിനെ അഭിനന്ദിച്ചു. പരിക്കേറ്റ സ്‌കൂട്ടർ യാത്രികരെ ഹൈവേ പോലിസെത്തി വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Description: The bus driver saved the scooter passengers who fell on the road after being hit by a pickup van at Vadakara Amsili Mill; Social media saluted this courage