പെട്ടന്ന് ദേഹാസ്വാസ്ഥ്യം തോന്നി, ബസ്സിൽ കുഴഞ്ഞ് വീണു; വണ്ടി ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വെച്ച് പിടിച്ചു; ജീവൻ രക്ഷിച്ച മിന്നൽ ഡ്രൈവർക്ക് കൈയ്യടി


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി വളപ്പിലേക്ക് പാഞ്ഞുകയറിയ ബസ് കണ്ട് രോഗികളും നാട്ടുകാരും ആദ്യം അമ്പരന്നു. കാര്യമറിഞ്ഞപ്പോള്‍ സമയോചിതമായ തീരുമാനമെടുത്ത ഡ്രൈവറിന് അഭിനന്ദനം. അത്തോളി സ്വദേശി സന്ദീപ് എന്ന ബസ് ഡ്രൈവറാണ് മാതൃകയായി ഒരു ജീവൻ രക്ഷിച്ചത്. ബസ്സില്‍ കുഴഞ്ഞു വീണ യാത്രക്കാരിയെ അതേ ബസ്സില്‍ ആശുപത്രിയിലെത്തിച്ചാണ് ബസ് ഡ്രൈവർ മാതൃക കാട്ടിയത്. കൊയിലാണ്ടിയിലാണ് സംഭവം.

കണ്ണൂര്‍-കോഴിക്കോട് ദീര്‍ഘ ദൂര ബസ്സിലാണ് ഇന്ന് യാത്രക്കാരി കുഴഞ്ഞു വീണത്. വടകര മുടപ്പിലാവില്‍ മീത്തലെ മൂനച്ചികണ്ടി രാധയ്ക്കാണ് യാത്രയ്ക്കിടയിൽ ബുദ്ധിമുട്ടുണ്ടായത്. ആദ്യം ദേഹാസ്വസ്ഥ്യം തോന്നുകയും പിന്നീട് കുഴഞ്ഞു വീഴുകയുമായിരുന്നു. കൊയിലാണ്ടിയിൽ എത്താറാവുമ്പോഴേക്കും ഇവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഭർത്താവിനോടും മകളോടുമൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയ ശേഷം തിരികെ വരുകയായിരുന്നു രാധ.

ഇവർ കുഴഞ്ഞു വീണതോടെ മറ്റൊന്നും നോക്കിയില്ല സന്ദീപ്, നേരെ പറപ്പിച്ചു കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക്. കൊയിലാണ്ടി ബസ് സ്റ്റാൻഡിലേക്ക് പോലും കയറ്റാതെയാണ് ആശുപത്രിയിലേക്ക് പോയത്. ബസിലുണ്ടായിരുന്ന ആളുകളെ എല്ലാം മറ്റൊരു ബസ്സില്‍ കയറ്റി വിട്ടു. സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവനാണ് സന്ദീപ് രക്ഷിച്ചത്. സമയം തെറ്റിയതിനെ തുടർന്ന് കണ്ണൂരിലേക്കുളള ട്രിപ്പ് ബസ്സുകാര്‍ ഒഴിവാക്കി.