മൂടാടിയില്‍ നിന്ന് മോഷണം പോയ പുളിയഞ്ചേരി സ്വദേശിയുടെ ബുള്ളറ്റ് ബൈക്ക് കണ്ടുകിട്ടി
കൊയിലാണ്ടി: മൂടാടിയില്‍ നിന്ന് മോഷണം പോയ പുളിയഞ്ചേരി സ്വദേശിയുടെ ബുള്ളറ്റ് ബൈക്ക് കണ്ടുകിട്ടി. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സമീപത്തെ ഓവർ ബ്രിഡ്ജിനടുത്തു നിന്നാണ് കണ്ടുകിട്ടിയത്. പുളിയഞ്ചേരി മുറാദില്‍ മുഹമ്മദ് സഫ്‌നാസിന്റെ KL-56-U-0202 നമ്പറിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 സ്റ്റാന്റേഡ് ബൈക്കാണ് മോഷണം പോയിരുന്നത്. അന്വേഷണത്തിനൊടുവിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ബൈക്ക് കിട്ടിയത്.
ബൈക്കിന്റെ ഉടമസ്ഥന്‍ മുഹമ്മദ് സഫ്‌നാസ് ഖത്തറിലാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ സലാഹുദ്ദീനാണ് ബൈക്ക് ഉപയോഗിച്ചിരുന്നത്. സലാഹുദ്ദീന്റെ സുഹൃത്ത് ഷാനിബ് വെള്ളിയാഴ്ച രാത്രി ബൈക്ക് കൊണ്ടുപോയിരുന്നു. ഷാനിബിന്റെ മൂടാടിയിലെ വീട്ടിലേക്ക് കൊണ്ടുപോയപ്പോഴാണ് ബൈക്ക് മോഷണം പോയത്.
സലാഹുദ്ദിൻ നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് കണ്ടെത്തിയതെന്ന് മുഹമ്മദിന്റെ ഉപ്പ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ മൂന്നു ദിവസങ്ങളായി ഇയാൾ പരിശോധന നടത്തുകയായിരുന്നു.
മൂടാടി മുജാഹിദ് പള്ളിക്ക് സമീപമുള്ള വീട്ടില്‍ വച്ചാണ് ആറാം തീയതി രാത്രി ബൈക്ക് മോഷണം പോയത്. മോഷണത്തെ കുറിച്ച് കൊയിലാണ്ടി പൊലീസില്‍ പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്തില്ല. രണ്ട് വര്‍ഷം മുൻപാണ് ഈ ബൈക്ക് വാങ്ങിയത്.