കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ തൊഴില്‍ ബഹിഷ്‌കരണം പിന്‍വലിച്ചു
വടകര: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ദീര്‍ഘദൂര സ്വകാര്യ ബസ് ജീവനക്കാര്‍ കഴിഞ്ഞ രണ്ടുദിവസമായി നടത്തിവരുന്ന തൊഴില്‍ ബഹിഷ്‌കരണം പിന്‍വലിച്ചു. വടകര എം.എല്‍.എ കെ.കെ.രമയുമായും എസ്.പിയുമായും എം.എല്‍.എ ഓഫീസില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ബഹിഷ്‌കരണത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് സമരത്തിന് നേതൃത്വം നല്‍കി തൊഴിലാളി കൂട്ടായ്മ പ്രതിനിധികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഗതാഗതക്കുരുക്കിന് വഴിവെക്കുന്ന റോഡിലെ കുഴികള്‍ അടയ്ക്കാനുള്ള നടപടി മഴമാറി നിന്നാലുടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കിയതായി തൊഴിലാളികള്‍ പറഞ്ഞു. വെള്ളക്കെട്ടുള്ള മൂരാട് ഓയില്‍മില്‍, തിക്കോടി പോലുള്ള ഭാഗങ്ങളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പണികഴിഞ്ഞ ദേശീയപാത ബസുകള്‍ക്കായി തുറന്നുകൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ജൂലൈ പതിനഞ്ച് മുതലാണ് കണ്ണൂര്‍ കോഴിക്കോട് റൂട്ടിലെ ബസുകളിലെ ജീവനക്കാര്‍ തൊഴില്‍ ബഹിഷ്‌കരണം ആരംഭിച്ചത്. കഴിഞ്ഞ രണ്ടുദിവസം ഈ റൂട്ടില്‍ ദീര്‍ഘദൂര ബസുകള്‍ ഒന്നും തന്നെ സര്‍വ്വീസ് നടത്തിയിരുന്നില്ല. ബഹിഷ്‌കരണം പിന്‍വലിച്ച നിലയ്ക്ക് ഇന്ന് സര്‍വ്വീസ് നടത്താന്‍ താല്‍പര്യമുള്ള ബസുകള്‍ നിരത്തിലിറങ്ങുമെന്നും നാളെമുതല്‍ എല്ലാ ബസുകളും പതിവുപോലെ സര്‍വ്വീസ് നടത്തുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.