അവസാനമായി വീട്ടിലേക്ക്: അയനിക്കാടെ അഭിരാമിയുടെ മൃതദേഹം രണ്ടരയ്ക്ക് സംസ്കരിക്കും


പയ്യോളി: അവസാനമായി ഒരിക്കൽ കൂടി അവൾ വീട്ടിലേക്കെത്തും,എന്നെന്നേക്കുമായി യാത്ര പറയാൻ. അയനിക്കാട് മരിച്ച വിദ്യാർത്ഥിനി അഭിരാമിയുടെ മൃതദേഹം ഉച്ചയ്ക്ക് രണ്ടരയോടെ സംസ്കരിക്കും. ഇന്ന് രാവിലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇൻക്യുസ്റ്റ് നടപടികളെല്ലാം പൂർത്തീകരിച്ച് പതിനൊന്നു മണിയോടെയാണ് മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയത്. നടപടികൾ പൂർത്തിയാക്കി ഒരു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. രണ്ടു മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. സംസ്കാരം വീട്ടുവളപ്പിൽ.

അഭിരാമിയുടെ മരണം ഇനിയും ഉൾക്കൊള്ളാനാവാതെ ഞെട്ടലിലാണ് നാട്. ഇന്നലെ രണ്ടേമുക്കാലോടെതാണ് വീടിനുള്ള് അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആഹാരം കഴിക്കാൻ വിളിച്ചിട്ടൊന്നും അഭിരാമി വരാത്തതിനെ തുടർന്ന് അമ്മ വാതിലില്‍ മുട്ടി വിളിച്ചു. പ്രതികരണമില്ലാത്തതിനെ തുടർന്ന് അയല്‍ക്കാരെ വിളിക്കുകയായിരുന്നു. സംഭവസമയത്ത് അമ്മയും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അവരെത്തി വാതില്‍ തുറക്കുമ്പോൾ മകളെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആലപ്പുഴ ഗവണ്‍മെന്റ് ബി.എഡ് കോളേജ് വിദ്യാര്‍ഥിനിയാണ് അഭിരാമി. പഠിക്കാന്‍ ഏറെ ഇഷ്ട്ടമായിരുന്നു. എന്നാൽ കോവിഡ് ബാധിച്ചതിനു ശേഷം പഠനത്തിലുള്ള ഏകാഗ്രത കുറഞ്ഞത്  അൽപ്പം വിഷമമുളവാക്കിയതായി അടുപ്പമുള്ളവർ പറഞ്ഞു. ഇന്ന് ആലപ്പുഴയിലെ കോളേജിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം. കുരിയാടി താരമ്മല്‍ കെ.ടി രാജന്റെയും സവിതയുടെയും മകളാണ് അഭിരാമി. സഹോദരി: അമ്പിളി.