ശുഭവാർത്ത; ഉരുളെടുത്ത ഗ്രാമത്തിൽ നിന്ന് നാലാം നാൾ അതിജീവനം, ഉരുൾപൊട്ടലിനെ തുടർന്ന് പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ടുപോയ 4 പേരെ സൈന്യം രക്ഷപ്പെടുത്തി
വയനാട് : ഉരുളെടുത്ത ഗ്രാമത്തിൽ നിന്ന് നാലാം നാൾ അതിജീവനം. ഉരുൾപൊട്ടലിനെ തുടർന്ന് പടവെട്ടിക്കുന്നിൽ ഒറ്റപ്പെട്ടുപോയ 4 പേരെ സൈന്യം രക്ഷപ്പെടുത്തി .ജീവനോടെ ആരും ഇനി അവശേഷിക്കുന്നില്ലെന്നും കഴിയാവുന്നവരെയെല്ലാം രക്ഷിച്ചെന്നും സൈന്യവും സർക്കാരും പറഞ്ഞ ദുരന്തമേഖലയിൽ നിന്ന് ഇന്ന് നാലുപേരെയാണ് ജീവനോടെ കണ്ടെത്തിയത്.
കഞ്ഞിരിക്കത്തോട്ട് തൊട്ടിയിൽ ജോൺ, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷിച്ചത്. ഈ കുടുംബത്തെ കാണാനില്ലെന്ന് ബന്ധു നൽകിയ വിവരത്തെ തുടർന്നാണ് സൈന്യം ഇവരെ കണ്ടെത്തിയത്. ഉരുൾപൊട്ടൽ ഇവരെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ഈ കുടുംബം ഒറ്റപ്പെട്ടുപോകുകയായിരുന്നു.
ഉരുൾപൊട്ടൽ തകർത്ത വെള്ളാർമല സ്കൂളിന് സമീപമുള്ള കുന്നിൻ പ്രദേശത്താണ് ഇവർ ഒറ്റപ്പെട്ടുപോയത്. നാല് പേരെയും ബേസ് ക്യാമ്പിലേക്ക് മാറ്റും. ഒരു സ്ത്രീയുടെ കാലിന് പരിക്കുണ്ട്.