മദ്യവുമായി ബന്ധപ്പെട്ട് തര്‍ക്കം; കോഴിക്കോട് കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്‌കനെ മദ്യമൊഴിച്ചു കത്തിച്ചു കൊന്ന കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി


കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ സമീപത്തെ കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്‌ക്കനെ മദ്യമൊഴിച്ച് തീകൊളുത്തി കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തെങ്ങ് കയറ്റ തൊഴിലാളിയും തമിഴ്‌നാട് സ്വദേശിയുമായ മണിവണ്ണന്‍ എന്നയാളെയാണ് കോഴിക്കോട് സെക്കന്റെ് അഡീഷണല്‍ ഡിസ്ട്രിക് ആന്റെ് സെഷന്‍സ് കോടതി ജീവപര്യന്തം തടവും, 1 ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടക്കാത്ത പക്ഷം 2 വര്‍ഷത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്.

2022 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ഇന്റര്‍നാഷണല്‍ ലോഡ്ജിനു സമീപത്തുള്ള കടയുടെ വരാന്തയില്‍ കിടക്കുകയായിരുന്ന കൊടുവള്ളി വലിയപറമ്പ് സ്വദേശി തണ്ണിക്കുണ്ടുങ്ങല്‍ ഷൌക്കത്ത് (48 വയസ്സ്) എന്നയാളെ മുന്‍ വിരോധം വെച്ച് ദേഹത്തേയ്ക്ക് മദ്യം ഒഴിച്ചു കൊലപ്പെടുത്തുകയായിരുന്നു.

മണിവര്‍ണ്ണന്റെ കൈവശത്തിലുണ്ടായിരുന്ന മദ്യവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ഷൌക്കത്തും മണിവര്‍ണ്ണനും തമ്മില്‍ നേരത്തെ വാക് തര്‍ക്കവും, അടിപിടിയും ഉണ്ടായിരുന്നു. ഇതില്‍ പ്രകോപിതനായ മണി വര്‍ണ്ണന്‍ 12.03.2022 തിയ്യതി രാത്രിയോടെ ഷൌക്കത്ത് രാത്രിയില്‍ സ്ഥിരമായി കിടക്കുന്ന റെയില്‍വേസ്റ്റേഷന്‍ റോഡിലെ കടവരാന്തയ്ക്ക് സമീപമെത്തെി അരക്കെട്ടില്‍ സൂക്ഷിച്ചുവെച്ചുവെച്ച മദ്യവുമായി സുഹൃത്തുക്കളായ രണ്ട് പേര്‍ക്കൊപ്പം കിടക്കുകയായിരുന്ന ഷൌക്കത്തിനെ വിളിച്ചെഴുനേല്‍പ്പിച്ച് അരക്കെട്ടില്‍ കരുതിയ മദ്യം ഷൌക്കത്തിന്റെ ശരീരത്തിലൊഴിച്ച് കത്തിക്കുകയായിരുന്നു.

മാരകമായി തീപെള്ളലേറ്റ ഷൌക്കത്ത് ചികിത്സയിലിക്കെ മരണപ്പെടുകയായിരുന്നു. സ്ഥലത്തുനിന്നും ട്രയിന്‍ മാര്‍ഗം രക്ഷപ്പെട്ട പ്രതിയെ തലശ്ശേരിയില്‍ നിന്നും പിന്നീട് ടൌണ്‍ പോലീസ് സ്റ്റേഷനിലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
ടൗണ്‍ സബ്ബ് ഡിവിഷണ്‍ അസിസ്റ്റന്റെ് കമ്മീഷണര്‍ ബിജുരാജിന്റെ നേതൃത്വത്തില്‍ ടൌണ്‍ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ അനൂപ്, ജയശ്രീ, മുഹമ്മദ് സബീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനില്‍, പ്രബീഷ്, അനൂജ്, സജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജു, ജിതേന്ദ്രന്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുുന്നത്.