വീട്ടിൽ കയറി സ്ത്രീകൾക്കെതിരെ അതിക്രമം , പൊതുസ്ഥലത്ത് മയക്കുമരുന്ന് ഉപയോഗം തുടങ്ങി നിരവധി കേസുകൾ; കോഴിക്കോട് സ്വദേശിയെ കാപ്പ ചുമത്തി നാടു കടത്തി


കോഴിക്കോട്: നിരവധി കേസ്സുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. മുഖദാർ സ്വദേശി അറക്കൽതൊടുക വീട്ടിൽ അജ്മൽ ബിലാൽ (24 )വിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. റൌഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതിക്കെതിരെ ചെമ്മങ്ങാട് പോലീസാണ് കാപ്പ നടപടി സ്വീകരിച്ചത്.

കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലെ ചെമ്മങ്ങാട്, ടൌൺ, മെഡിക്കൽ കോളേജ്, ചേവായൂർ, പന്നിയങ്കര, കസബ, നടക്കാവ് എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് ഉണ്ട്. മോഷണം, വീട്ടിൽ കയറി സ്ത്രീകൾക്കെതിരെ അതിക്രമം കാണിച്ചു, പൊതുസ്ഥലത്തുവച്ച് മയക്കുമരുന്ന് ഉപയോഗിച്ചു, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകളോടൊത്ത് സംഘശക്തിയായും ഒറ്റയ്ക്കും മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽഫോണും എ.ടി.എം. കാർഡും കവർച്ച ചെയ്യുകയും ആയതിലെ രഹസ്യ നമ്പർ കൈക്കലാക്കി പണം അപഹരിച്ചു തുടങ്ങി നിരവധി കേസ്സുകൾ പ്രതിക്കെതിരെ നിലവിലുണ്ട്.

പ്രതിക്കെതിരെ ചെമ്മങ്ങാട് പോലീസ് ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ സമർപ്പിച്ച ശുപാർശയിലാണ് ഡി.ഐ.ജി. & കമ്മിഷണർ കോഴിക്കോട് സിറ്റി ഒരു വർഷത്തേക്ക് നടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്.