ജലപരപ്പിലെ ആവേശപ്പോരാട്ടം ; പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍, പോരാട്ടം ചാലിപുഴയിലും ഇരുവഞ്ഞിയിലും മീന്‍തുള്ളിപ്പാറയിലും


കോഴിക്കോട് : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് ജൂലൈ 25 ന് തുടക്കമാകും. നാല് നാള്‍ നീളുന്ന ജലപരപ്പിലെ ആവേശ പോരാട്ടം കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിയിലും ചക്കിട്ടപ്പാറയിലെ മീന്‍തുള്ളിപ്പാറയിലുമായി നടക്കും.

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യന്‍ കയാക്കിങ് & കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 26 ന് (വെള്ളി) രാവിലെ 11.30 ന് പുലിക്കയത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കും.

ജൂലൈ 25 ന് ചക്കിട്ടപ്പാറയിലെ ഫ്രീസ്‌റ്റൈല്‍ മത്സരങ്ങളുടെ ഫ്‌ലാഗ്ഓഫ് രാവിലെ 10 ന് മീന്‍തുള്ളിപ്പാറയില്‍ ടി പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കര്‍മാരാണ് മലബാര്‍ റിവര്‍ ഫെസ്റ്റില്‍ തുഴയെറിയുന്നത്. ഫ്രാന്‍സ്, ന്യൂസിലന്റ്, നോര്‍വേ, ഇറ്റലി, റഷ്യ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കയാക്കര്‍മാര്‍ ഇതിലുള്‍പ്പെടും. ഇവരില്‍ പലരും കോടഞ്ചേരിയില്‍ എത്തിക്കഴിഞ്ഞു.

ഒരു മാസക്കാലം ഒന്‍പത് തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലായി നടന്ന, ജനങ്ങള്‍ ഏറ്റെടുത്ത പ്രീ-ഇവന്റുകള്‍ക്ക് ഒടുവിലാണ് വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരം എത്തുന്നത്. കോടഞ്ചേരി, തിരുവമ്പാടി, ഓമശ്ശേരി, കൂടരഞ്ഞി, കൊടിയത്തൂര്‍, പുതുപ്പാടി, കാരശ്ശേരി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തുകളിലും മുക്കം മുനിസിപ്പാലിറ്റിയിലുമാണ് പ്രീ-ഇവന്റുകള്‍ നടന്നത്.

ചൂണ്ടയിടല്‍ മത്സരം, മഴ നടത്തം, ഓഫ് റോഡ് നാഷണല്‍ ചാംപ്യന്‍ഷിപ്പ്,
മഡ് ഫുട്‌ബോള്‍, സംസ്ഥാന കബഡി, നീന്തല്‍ മത്സരം, സൈക്കിള്‍ റാലി, വണ്ടിപ്പൂട്ട് തുടങ്ങിയവ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറി.

ഫെസ്റ്റിന്റെ ഭാഗമായി പുലിക്കയത്ത് കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ജൂലൈ 26ന് വൈകീട്ട് ആറ് മണിക്ക് കേരള ഫോക് ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന കലാസന്ധ്യയും സമാപന ദിവസമായ 28 ന് രാത്രി ഏഴിന് അതുല്‍ നറുകരയുടെ മ്യൂസിക് ബാന്‍ഡും വേദിയില്‍ അരങ്ങേറും.