കൊയിലാണ്ടി തണല്‍ ധനസമാഹരണത്തിനായി പണംപയറ്റ് നടത്തുന്നു; ഡിസംബര്‍ 20ന് കൊയിലാണ്ടിയിലും ജനുവരി അഞ്ചിന് കൊല്ലത്തും പെരുവട്ടൂരും ജനകീയ പങ്കാളിത്തത്തോടെ ധനസമാഹരണം
കൊയിലാണ്ടി: പ്രയാസമനുഭവിക്കുന്ന വൃക്കരോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് സൗകര്യമൊരുക്കുന്ന കൊയിലാണ്ടി തണല്‍ ധനസമാഹരണത്തിനായി പണംപയറ്റ് നടത്തുന്നു. ഡിസംബര്‍ 20ന് കൊയിലാണ്ടിയിലും ജനുവരി അഞ്ചിന് കൊല്ലത്തും പെരുവട്ടൂരിലും ജനകീയ പങ്കാളിത്തത്തോടെ പണംപയറ്റ് ചടങ്ങുകള്‍ നടത്തുന്നതിന് ഒരുക്കങ്ങള്‍ നടക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊയിലാണ്ടി ട്രാഫിക്ക് പൊലീസ് സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ പ്രതിദിനം രണ്ട് ഷിഫ്റ്റുകളില്‍ ഏഴ് മെഷീനുകളില്‍ 28 പേര്‍ ഡയാലിസിസ് നിര്‍വഹിക്കുന്നു. സ്‌ട്രോക്ക് വന്നും അപകടങ്ങള്‍ സംഭവിച്ചും ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് ആശ്വാസമേകുന്ന ഫിസിയോ തെറാപ്പി സെന്റും, നിത്യ രോഗികള്‍ക്ക് വളരെ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന തണല്‍ ഫാര്‍മസിയും കൊയിലാണ്ടിയില്‍ സേവനം നടത്തി വരുന്നു.
ഡയാലിസിസ്, ഫിസിയോ തെറാപ്പി സെന്ററുകളുടെ പ്രവര്‍ത്തനത്തിനായി മാസത്തില്‍ ആറു ലക്ഷം രൂപയാണ് നിലവില്‍ ചെലവു വരുന്നത്. സര്‍ക്കാറില്‍ നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ ലഭിക്കുന്ന സഹായവും സുമനസ്സുകളായ നാട്ടുകാരുടെ അകമഴിഞ്ഞ സാമ്പത്തിക പിന്തുണയുമാണ് തണലിനെ മുന്നോട്ട് നയിക്കുന്നത്.
നിലവില്‍ ഫണ്ടുകളുടെ അപര്യാപ്തത തണലിന്റെ സേവനങ്ങള്‍ തടസ്സപ്പെടാതെ മുന്നോട്ട് പോവാന്‍ വ്യത്യസ്ത ഏരിയകളിലായി തണല്‍ ജനകീയ പണം പയറ്റ് സംഘടിപ്പിക്കുന്നത്.
കൊയിലാണ്ടി ഏരിയ തണല്‍ ജനകീയ പണം പയറ്റ് 2024 ഡിസംബര്‍ 20 വെള്ളി വൈകുന്നേരം മുന്ന് മണി മുതല്‍ രാത്രി 9 മണി വരെ കൊയിലാണ്ടി ബദ്രിയ്യ കോളേജ് പരിസരത്തും 2025 ജനുവരി അഞ്ചിന് കൊല്ലം സി.എച്ച് സൗധം പരിസരത്തും തണല്‍ ജനകീയ സാമ്പത്തിക ശേഖരണവും ഡിസംബര്‍ 28ന് കാലത്ത് 9ന് പെരുവട്ടൂര്‍ എല്‍.പി സ്‌കൂളില്‍ സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തപ്പെടും. വാര്‍ത്താ സമ്മേളനത്തില്‍ തണല്‍ ഭാരവാഹികളായ വി.കെ ആരിഫ്, കെ.നൂറുദ്ദീന്‍, എ.അസീസ്, അന്‍സാര്‍ കൊല്ലം, വി.പി.അബ്ദുല്ലത്തീഫ് പങ്കെടുത്തു