ബസ് യാത്രക്കിടെ സഹയാത്രികന്റെ മൊബൈല്‍ മോഷ്ടിച്ചു; താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍


കോഴിക്കോട്: ബസ് യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. താമരശ്ശേരി കട്ടിപ്പാറ സ്വദേശി ആര്യാകുളം വീട്ടില്‍ മുഹമ്മദ് അഷര്‍(33)നാണ് അറസ്റ്റിലായത്. കസബ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

അവിടനെല്ലൂര്‍ സ്വദേശിയുടെ പതിനാലായിരംരൂപ വിലവരുന്ന ഫോണാണ് കൂട്ടാലിട റൂട്ടില്‍ ഓടുന്ന സ്വകാര്യബസിന്റെ ബര്‍ത്തില്‍ സൂക്ഷിച്ച ബാഗില്‍നിന്ന് മോഷണംപോയത്. പുതിയസ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട ബസ് കൂട്ടാലിടയിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതിനല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ഫോണ്‍ കടകളില്‍ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. കസബ ഇന്‍സ്‌പെക്ടര്‍ എന്‍ പ്രജീഷ്, ഇ.കെ ഷാജി. രാംദാസ്, സക്കരിയ്യ, ജോര്‍ജ് എന്നിവര്‍ അന്വേഷണത്തിലുണ്ടായിരുന്നു.