ഭക്ഷണവും വെള്ളവും കൈയില്‍ കരുതണേ; താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അധികൃതരുടെ നിര്‍ദേശം


താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. ഇതുവഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും യാത്ര ചെയ്യുന്നവര്‍ ഭക്ഷണവും ആവശ്യത്തിന് വെള്ളവും കയ്യില്‍ കരുതണമെന്നും നിര്‍ദേശമുണ്ട്.

ഗതാഗതക്കുരുക്ക് കാരണം ചുരം കയറാന്‍ ചുരുങ്ങിയത് രണ്ട് മുതല്‍ നാലുമണിക്കൂര്‍ വരെ അധികസമയം എടുക്കാന്‍ സാധ്യതയുണ്ട്.

ചുരം വഴി യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടത്:

റോഡില്‍ വാഹനതടസ്സം കണ്ടാല്‍ ഓവര്‍ടേക്ക് ചെയ്യരുത്
റോഡിന്റെ ഇടതുവശം ചേര്‍ത്ത് വാഹനം ഓടിക്കുക
വ്യൂ പോയിന്റുകളില്‍ വാഹനം നിര്‍ത്താതിരിക്കുക
ഭക്ഷണവും വെള്ളവും കയ്യില്‍ കരുതുക
മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭിക്കാത്ത സ്ഥിതിയുണ്ട്
വാഹനത്തില്‍ ഇന്ധനം ആവശ്യത്തിന് കരുതുക

അവധിദിവസങ്ങളായതിനാല്‍ ആളുകള്‍ കൂട്ടത്തോടെ വയനാട്ടിലേക്ക് ചുരം കയറുന്നതിനാലാണ് ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായത്. ദസറയ്ക്ക് മൈസൂരിലേക്ക് പോകുന്നവരും ഇതുവഴിയാണ് കടന്നുപോകുന്നത്. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത തടസം വൈകിട്ടോടെ രൂക്ഷമായി. രാവിലെ ലോറിയും ബസും കൂട്ടിയിടിച്ച് എട്ടാം വളവില്‍ അപകടം കൂടി ഉണ്ടായതോടെ ഗതാഗത കുരുക്ക് മുറുകി. ചുരം സംരക്ഷണ സമിതിയും പൊലീസും ചേര്‍ന്ന് കുരുക്കഴിക്കാന്‍ കഠിന ശ്രമം നടത്തുന്നുണ്ട്. രാത്രിയാത്ര നിരോധനം കഴിഞ്ഞ് മൂലഹള്ള ചെക്ക്‌പോസ്റ്റ് ആറുമണിക്ക് തുറന്നതോടെ കൂടുതല്‍ വാഹനങ്ങള്‍ ചുരത്തിലേക്ക് എത്തുന്നുണ്ട്. ഇതും ഗതാഗതക്കുരുക്ക് വര്‍ധിപ്പിച്ചു. ചുണ്ടയില്‍ മുതല്‍ കൈതപൊയില്‍ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്.