എടവരാട് ഹെല്‍ത്ത് സബ് സെന്റര്‍ ചേനായിയില്‍ ഉയരും; സ്ഥലം സൗജന്യമായി വിട്ടുനല്‍കി തളിര്‍ കുഞ്ഞബ്ദുള്ള ഹാജി


പേരാമ്പ്ര: എടവരാട് ഹെല്‍ത്ത് സബ് സെന്ററിന് സ്ഥലം സൗജന്യമായി വിട്ടുനല്‍കി പ്രവാസി ബിസിനസുകാരനായ തളിര്‍ കുഞ്ഞബ്ദുള്ള ഹാജി. പേരാമ്പ്ര-എടവരാട്-ആവള പി.ഡബ്ല്യു.ഡി റോഡില്‍ ചേനായി അങ്ങാടിക്കടുത്തുള്ള എടവത്ത് പറമ്പിലെ ആറര സെന്റ് ഭൂമിയാണ് കുഞ്ഞബ്ദുള്ള ഹാജി നല്‍കിയത്.

സൗദിയിലെ ഹായില്‍ ഹോട്ടല്‍ ജീവനക്കാരനായി പ്രവാസ ജീവിതം ആരംഭിച്ച പ്രവാസിബിസിനസുകാരനായ തളിര്‍ കുഞ്ഞബ്ദുള്ള ഹാജി 37 വര്‍ഷം മുമ്പ് 1987ല്‍ ആദ്യമായി വാങ്ങിയ ഭൂമിയാണിത്. പരേതനായ തന്റെ പിതാവ് കോരന്‍ കടവത്ത് ഇബ്രാഹീമിന്റെ സ്മരണയ്ക്കായി അദ്ദേഹം ഈ ഭൂമി പേരാമ്പ്ര പഞ്ചായത്തിന് സൗജന്യമായി റജിസ്റ്റര്‍ ചെയ്തു നല്‍കി.

Advertisement

40 വര്‍ഷത്തോളമായി എടവരാട് എടത്തും മീത്തല്‍ മുന്‍ഹൈക്കോടതി ജഡ്ജി ചേറ്റൂര്‍ ശങ്കരന്‍ നായര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് പേരാമ്പ്ര പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടത്തിലായിരുന്നു എടവരാട് ഹെല്‍ത്ത് സബ്‌സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. 2019,ല്‍ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ചേനായി അന്‍സാറുല്‍ ഇസ്ലാം മദ്രസ്സയുടെ വാടക കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 2021,ല്‍ കെട്ടിടം പുതുക്കിപ്പണിയാന്‍ പഞ്ചായത്ത് 18 ലക്ഷം രൂപ വകയിരുത്തി. തുടര്‍ന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അവരുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55.5 ലക്ഷം രൂപ വകയിരുത്തുകയും 2022,ല്‍ ഭരണാനുമതി നല്‍കുകയും ചെയ്തു.

Advertisement

NHM നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിലവിലെ കെട്ടിടം പൊളിച്ചു നീക്കി റോഡ് ലവലില്‍ താഴ്ത്താന്‍ ശ്രമിച്ചപ്പോള്‍ അടിയില്‍ പാറയായതിനാല്‍ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് സ്ഥലം ലഭ്യമായ എരവട്ടൂരിലേക്ക് സബ്‌സെന്റര്‍ മാറ്റാന്‍ പഞ്ചായത്ത് ശ്രമം നടത്തിയപ്പോള്‍ ജനങ്ങള്‍ സംഘടിച്ച് എതിര്‍ക്കുകയും ആവശ്യമായ തന്റെ പൊന്നും വിലയുള്ള ചേനായിലെ സ്ഥലം സൗജന്യമായി നല്‍കാന്‍ തളിര്‍ കുഞ്ഞബ്ദുല്ല ഹാജി തയ്യാറാവുകയുമായിരുന്നു.

തുടര്‍ന്ന് 28.10.24 ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി അദ്ദേഹത്തിന്റെ സ്ഥലത്ത് സെന്റര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്തിന്റെ ഭിഷഗ്വര പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ വെള്ളിയാഴ്ചയും ഡോക്ടറുടെ സേവനവും മരുന്നുകളും ലഭിക്കുന്ന സബ്‌സെന്റര്‍ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ജീവിതശൈലീരോഗികള്‍ തുടങ്ങി എല്ലാജനങ്ങളുടെയും ആശ്രയ കേന്ദ്രമായിരിക്കയാണ്. ആ സ്ഥാപനത്തിനാണ് അദ്ദേഹത്തിന്റെ ഉദാരമനസ്‌കതയാല്‍ സ്ഥിരമായ കെട്ടിടം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.

Advertisement

നേരത്തെയും കുഞ്ഞബ്ദുല്ല ഹാജി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 2005,ല്‍ ഉമ്മ ഫാത്തിമ മരണപ്പെട്ടപ്പോള്‍ അവരുടെ സ്മരണക്കായി ചേനായി ഉമറുല്‍ ഫാറൂഖ് മസ്ജിദിനായി എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സയുടെ സ്ഥലത്ത് അദ്ദേഹം കുഴിപ്പിച്ച കിണര്‍ വര്‍ഷങ്ങളായി ചേനായിലെ രണ്ട് ഹോട്ടലുകളും പള്ളിയും ആറ് വീട്ടുകാരും കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്.

രജിസ്‌ട്രേഷന്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാം വാര്‍ഡ് മെമ്പര്‍ ശ്രീലജ പുതിയെടുത്ത്, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി.കെ.കുഞ്ഞമ്മത് ഫൈസി, വൈ. ചെയര്‍മാന്‍മാരായ സി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, പി.ടി.വിജയന്‍, ട്രഷറര്‍ കെ.സി. ജയകൃഷ്ണന്‍, ജോ.കണ്‍വീനര്‍ എം.പത്മേഷ്, അമ്മത് തളിര്‍, എം.എന്‍.അഹമദ്, രാജു എടവത്ത്, കെ.എം.കരീം, പി.ടി.വേണു, ടി.കെ. ഫൈസല്‍, പി.പി.അബ്ദുറഹ്‌മാന്‍ നേതൃത്വം നല്‍കി.

Summary: Edavarad Health Sub Center to come up in Chenayi, Thalir Kunjabdulla Haji gave away the land for free.