‘സാംസ്കാരിക പ്രവർത്തനം ഒഴുക്കിനെതിരായ കുതിപ്പ്‌, അതിന് ഒഴിവുകാലമില്ല’; കീഴരിയൂര്‍ സംസ്‌കൃതിയുടെ ദശവാര്‍ഷിക വേദിയില്‍ പി.ആര്‍ നാഥന്‍


കീഴരിയൂർ: ‘സാംസ്കാരിക പ്രവർത്തനം ഒഴുക്കിനെതിരായ കുതിപ്പാണെന്നും, അതിന് ഒഴിവുകാലമില്ലെന്നും കഥാകൃത്ത്‌ പി.ആർ നാഥൻ. കീഴരിയൂർ സംസ്കൃതിയുടെ ദശവാർഷികം ‘സർഗ്ഗസന്ധ്യ 2023’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കൃതി പ്രസിഡന്റ് ടി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു.

കവി മോഹനൻ നടുവത്തുർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഐ.സജീവൻ, അനിൽ കുമാർ ചുക്കോത്ത്, പെൺമ പ്രസിഡന്റ് ഇ.പി വത്സല, വി.പി സത്യൻ, സംസ്കൃതി സെക്രട്ടറി എ.എം ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

ആഘോഷപരിപാടിയുടെ മുന്നോടിയായി യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ‘ഇഷ്ട പുസ്തകം എന്റെ വായനയിൽ ‘ എന്ന പുസ്തകാസ്വാദന മത്സര ജേതാക്കൾക്കുള്ള ധനപുരസ്കാരങ്ങളും, കണ്ണോത്ത് യു.പി സ്കൂൾ, നമ്പ്രത്ത് കര യു.പി സ്കൂൾ, പുലരി വായനശാല എന്നിവയ്ക്കുള്ള പുസ്തക കിറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. തുടര്‍ന്ന്‌ പയ്യന്നൂർ ആലപ്പടമ്പ യുവധാര വനിതാ വേദിയുടെ ‘ഇവൾ’ നൃത്ത സംഗീത ശില്പം അരങ്ങേറി.