ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്; ആഗസ്റ്റ് 25ന് പ്രതിഷേധ ജ്വാല


കൊയിലാണ്ടി: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. ജീവനക്കാര്‍ക്ക് ഏകീകൃതമായി നൂറുരൂപയുടെ വര്‍ധനവ് എങ്കിലും ഉണ്ടാവണമെന്നാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്.

ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് 16ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണുമായി യൂണിയന്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വേതന പരിഷ്‌കരണം സംബന്ധിച്ച തീരുമാനമാകാതെ ചര്‍ച്ച പിരിഞ്ഞു. ഈ സാഹചര്യത്തില്‍ ശമ്പള വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 25ന് ജീവനക്കാര്‍ താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധ ജ്വാലയ്ക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. സി.ഐ.ടി.യു നേതൃത്വത്തിലാണ് പ്രക്ഷോഭം.

തുല്യജോലിക്ക് തുല്യവേതനം, കൂലി വര്‍ധനവിലുണ്ടാവുന്ന അനോമിലി പരിഹരിക്കുക, മൂന്ന് നൈറ്റിന് ഒരു നൈറ്റ് റസ്റ്റ് അനുവദിക്കുക, എട്ടുവര്‍ഷത്തിന് മുകളില്‍ സര്‍വ്വീസുള്ളവര്‍ക്ക് ഗ്രേഡ് അനുവദിക്കുക, നാഷണല്‍ ഫെസ്റ്റിവെല്‍ ഹോളിഡേഴ്‌സ് അനുവദിക്കുക, വേതനത്തോടു കൂടി പ്രസവകാല അവധി അനുവദിക്കുക, കേരള സര്‍ക്കാര്‍ അംഗീകരിച്ച കേഷ്വല്‍ ലീവ് അനുവദിക്കുക തുടങ്ങിവയാണ് വേതന വര്‍ധനവിന് പുറമേ തൊഴിലാള്‍ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍.