അല്ലു അര്‍ജുന് ജയിലിലേക്ക് പോകേണ്ട; ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി


ഹൈദരാബാദ്:  ‘പുഷ്പ 2’ റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ റിമാൻഡ് ചെയ്യപ്പെട്ട നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നൽകരുതെന്ന സർക്കാർ അഭിഭാഷകന്‍റെ വാദം ഹൈക്കോടതി തള്ളി.

കേസില്‍ നേരത്തെ മജിസ്ട്രേറ്റ് അല്ലുവിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അല്ലു നല്‍കിയ ജാമ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അല്ലുവിനെ ജയിലിലേക്ക് അയക്കുന്നത് ഇതിനുശേഷം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അല്ലു തെലങ്കാന ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അല്ലുവിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അല്ലു അടക്കമുള്ള താരങ്ങളോട് തിയേറ്റര്‍ സന്ദര്‍ശിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതി ഇതിനുള്ള രേഖകള്‍ ചോദിച്ചു. എസ്.എച്ച്.ഒ ഈ വിവരം അല്ലു അര്‍ജുന്റെ ടീമിനെ അറിയിച്ചിരുന്നെന്നും രേഖകള്‍ ഹാജരാക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.

പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്റെ അഭിഭാഷകര്‍ തെലങ്കാന ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ ഉള്‍പ്പെടെ ചേര്‍ത്ത് പുതിയ ഹര്‍ജി നല്‍കുകയായിരുന്നു. അതേസമയം, അല്ലു അര്‍ജുന്റെ അറസ്റ്റിനെതിരെ തെലങ്കാനയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്ത് ആദ്യം കൊണ്ടുപോയ ചികട്പള്ളി പൊലീസ് സ്റ്റേഷനില്‍ നൂറുകണക്കിന് ആരാധകരാണ് എത്തിയത്.