‘മുഴുവന്‍ ഭൂമിയും കൈവശമുണ്ട്, പരാതിയില്‍ കഴമ്പില്ല’; ചക്കിട്ടപ്പാറ വില്ലേജോഫീസില്‍ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി കൊയിലാണ്ടി തഹസില്‍ദാര്‍
പേരാമ്പ്ര: ചക്കിട്ടപ്പാറ വില്ലേജ് ഓഫീസില്‍ അമ്മയും മകളും മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സ്ഥലം കയ്യേറി വഴി അടച്ചു എന്ന ആരോപണം തെറ്റാണെന്ന് കൊയിലാണ്ടി തഹസില്‍ദാര്‍ അറിയിച്ചു. മുതുകാട് പൊയ്കയില്‍ മേരി (70), മകള്‍ ജെസി (47) എന്നിവരാണ്
ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സ്ഥലം കയ്യേറി വഴി അടച്ചു എന്ന് കാണിച്ചു മേരിയും ജെസ്സിയും എസ്.ഡി.എം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. വില്ലേജ് ഓഫീസറുടെയും സര്‍വെയറുടെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പരാതിയില്‍ കഴമ്പില്ല എന്ന് ബോധ്യപ്പെട്ടിരുന്നു. എന്നിട്ടും സ്വാഭാവിക നീതി നിഷേധം ഇല്ലാതിരിക്കാന്‍ ചാര്‍ജ് ഓഫീസറുടെ മേല്‍ പരിശോധനക്ക് കൂടി തീരുമാനിച്ച് ജൂണ്‍ 16-ന് സ്ഥല പരിശോധന നടത്താനിരിക്കെയാണ് പരാതിക്കാര്‍ വില്ലേജോഫീസില്‍ സംഘര്‍ഷം സൃഷ്ടിച്ചതെന്ന് തഹസില്‍ദാര്‍ പത്രക്കുറിപ്പില്‍ പറയുന്നു.
വില്ലേജോഫീസിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തഹസില്‍ദാര്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍, താലൂക്ക് സര്‍വ്വേയര്‍ എന്നിവര്‍ നേരിട്ടെത്തി പരാതിക്കാരിയോടും കൂടെയുണ്ടായിരുന്നവരോടും ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാസ്പദമായ സ്ഥലം അളന്നു പരിശോധിച്ചു. പരിശോധനയില്‍ പട്ടയം പ്രകാരമുള്ള മുഴുവന്‍ ഭൂമിയും അപേക്ഷകയുടെ കൈവശത്തില്‍ തന്നെ ഉണ്ടെന്നും പഞ്ചായത്ത് റോഡില്‍ നിന്നും നേരിട്ട് പരാതിക്കാരുടെ ഭൂമിയിലേക്ക് വഴി ഉണ്ടെന്നും വ്യക്തമായി. എന്നാല്‍ ഈ വഴി അപേക്ഷക തന്നെ താത്ക്കാലികമായി കെട്ടി അടച്ചതായി പരിശോധനയില്‍ ബോധ്യപ്പെട്ടു. ഇവരുടെ പരാതിയില്‍ കഴമ്പില്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി തഹസില്‍ദാര്‍ പറഞ്ഞു.
ഓഫീസില്‍ സംഘര്‍ഷവസ്ഥ സൃഷ്ടിക്കുകയും ആത്മഹത്യാ ഭീഷണി മുഴക്കി ജീവനക്കാര്‍ക്കും ഓഫീസ് രേഖകള്‍ക്കും നാശനഷ്ടം ഉണ്ടാകുകയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മേരിക്കും ജെസ്സിക്കും പുറമേ കണ്ടാലറിയുന്ന ഏഴോളം പേര്‍ക്കെതിരെയും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നതിന് വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
പരാതിക്കാരുടെ ഉടമസ്ഥതയുള്ള സ്ഥലം താലൂക്ക് സര്‍വ്വയര്‍ എത്തി അളന്ന് അയല്‍വാസിയോട് മതില്‍ കെട്ടാന്‍ നിര്‍ദ്ദേശിച്ചതായി പറയുന്നു. അയല്‍വാസി മതില്‍കെട്ടിയതോടെ ഇവരുടെ വീട്ടിലേക്കുള്ള വഴി അടഞ്ഞതായാണ് മേരിയും ജെസിയും ആരോപിക്കുന്നത്. തുടര്‍ന്ന് റവന്യൂ വില്ലജ് അധികൃതര്‍ക്ക് ഇവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അയല്‍വാസിയുമായി ഉള്ള വഴിത്തര്‍ക്കം പരിഹരിക്കാന്‍ റവന്യൂ അധികൃതര്‍ ഇടപെടുന്നില്ലെന്ന് ഇവര്‍ പറയുന്നു. പ്രശ്‌നത്തില്‍ പരിഹാരംആവശ്യപ്പെട്ട് ചക്കിട്ടപാറ വില്ലേജ് ഓഫീസിലെത്തിയതാണ് മേരിയും ജെസ്സിയും. ഉച്ചവരെ ഓഫീസിന് പുറത്ത് കുത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്ന് മണ്ണണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്ന ഇരുവരെയും പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു.