വര്‍ഷാവര്‍ഷം തകരുന്ന കാപ്പാട് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരമാകും; കടല്‍ഭിത്തി പുനര്‍നിര്‍മ്മിക്കാനുള്ള പ്രവൃത്തിക്ക് സാങ്കേതിക അനുമതി, ഇനി ടെന്‍ഡര്‍ നടപടികളിലേക്ക്


കാപ്പാട്: തുടര്‍ച്ചയായി കടലാക്രമണം നേരിടുന്ന കാപ്പാട് തീരത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂടുന്നു. തീരത്തെ സംരക്ഷിക്കാനായി കടല്‍ഭിത്തി പുനര്‍നിര്‍മ്മിക്കാന്‍ സാങ്കേതിക അനുമതി ലഭിച്ചിരിക്കുകയാണ്. ഇതോടെ പ്രവൃത്തി ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നു. രണ്ടുമാസത്തിനുള്ളില്‍ പ്രവൃത്തി ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കടല്‍ഭിത്തിയുടെ പുനര്‍നിര്‍മാണത്തിന് 2024 25 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ആറ് കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. സാങ്കേതിക അനുമതി കൂടി ലഭിച്ചതോടെയാണ് ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നത്.

സംസ്ഥാനത്ത് ശക്തമായ കടലാക്രമണം നേരിടുന്ന 10 ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നാണ് കാപ്പാട്. നേരത്തെ പ്രദേശത്ത് എന്‍.സി.സി.ആറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. കടല്‍ഭിത്തി പുനര്‍ നിര്‍മ്മിക്കുന്നതോടെ കാപ്പാട് കൊയിലാണ്ടി റോഡിന്റെ ശോചനീയാവസ്ഥയ്ക്കും ശാശ്വത പരിഹാരമാകും.