ദേശീയ യൂത്ത് ഫെസ്റ്റില്‍ ചരിത്രനേട്ടം കൈവരിച്ച് കൊയിലാണ്ടിക്കാരികള്‍; നാടന്‍പാട്ടില്‍ ഒന്നാം സ്ഥാനം നേടി കൊയിലാണ്ടി നഗരസഭ ടീം മെലോമാനിയാക്


കൊയിലാണ്ടി: ദേശീയ യൂത്ത് ഫെസ്റ്റിവലില്‍ നാടന്‍പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊയിലാണ്ടി നഗരസഭ ടീമായ മെലോമാനിയാക് ഫോക് ബാന്റ്. 24 സംസ്ഥാനങ്ങളോട് മത്സരിച്ചാണ് കൊയിലാണ്ടിയിലെ പെണ്‍പുലികള്‍ നാടന്‍പാട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന ദേശീയ യൂത്ത് ഫെസ്റ്റിവെലിലാണ് കൊയിലാണ്ടിയിലെ സംഘത്തിന്റെ നേട്ടം. ഒന്നരലക്ഷം രൂപയും ട്രോഫിയുമാണ് ടീമിന് സമ്മാനമായി ലഭിക്കുക.

കേരളോത്സവത്തില്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മികച്ച പ്രകടനത്തോടെ ഒന്നാം സ്ഥാനം മെലോമാനിയാക് ടീം കരസ്ഥമാക്കിയിരുന്നു. രണ്ട് വര്‍ഷത്തോളമായി ദേശീയ തലത്തില്‍ ടീം മത്സരിച്ചു വരുന്നു. കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ നടന്ന മത്സരത്തില്‍ ദേശീയ തലത്തില്‍ നാടന്‍പാട്ട് വിഭാഗത്തില്‍ നാലാം സ്ഥാനവും നേടിയിരുന്നു.

മേഘ്ന, കാർത്തിക, അനാമിക, കൃഷ്ണേന്ദു, ശ്രുതി എസ്. അനീന, സാന്ദ്രിമ, സ്വാതി എസ്, മിഥുന, അനുരത്ന, എന്നിവരായിരുന്നു കൊയിലാണ്ടിക്കായി ദേശീയ തലത്തിലേക്ക് മത്സരിച്ചത്. ദേശീയ തലത്തിലേക്ക് മത്സരിക്കാനായി നീണ്ട ഒരുമാസത്തെ പരിശീലനമാണ് കുട്ടികള്‍ നടത്തിയതെന്ന് പരിശീലകനായ രാജീവന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

രാജീവന്‍ കെ.കെ, പ്രജീഷ് എന്നിവരാണ് വര്‍ഷങ്ങളായി നാടന്‍പാട്ടില്‍ പരിശീലനം നടത്തിവരുന്നത്. വര്‍ഷങ്ങളായി നാടന്‍പാട്ടില്‍ സംസ്ഥാന തലങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വരുന്നു. സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാന തലത്തില്‍ തുടര്‍ച്ചയായി എട്ടുവര്‍ഷത്തോളമായി നാടന്‍പാട്ടില്‍ ഒന്നാം സ്ഥാനവും നേടി വരുന്നു.