ദുരിതങ്ങളുടെയും അവഗണനയുടെയും അനുഭവങ്ങളിൽ നിന്ന് മികവിലേക്ക് കൈപിടിച്ച് കയറ്റാൻ എന്നും ഒപ്പമുണ്ടായിരുന്നവർ ഒത്തുകൂടി; വൻമുഖം ഗവ. ഹൈസ്കൂളിലെ ‘എവർഗ്രീൻ’ അധ്യാപകരുടെ സംഗമം
നന്തി ബസാര്‍: പഴയ അധ്യാപകർ ഒത്തുകൂടി, തങ്ങളുടെ സ്വപ്‌നങ്ങൾ പൂവണിഞ്ഞത് കണ്ട സന്തോഷത്തോടെ. വൻമുഖം ഗവ. ഹൈസ്കൂളിലെ പഴയകാല അധ്യാപകരുടെ കൂട്ടായ്മ എവർഗ്രീൻ അംഗങ്ങൾ സ്കൂളിൽ ഒത്തുകൂടി.
ദുരിതങ്ങളുടെയും അവഗണനയുടെയും ദീർഘകാല അനുഭവങ്ങൾക്കു ശേഷം ഭൗതിക സൗകര്യങ്ങളുടെ ലഭ്യതയിലും അക്കാദമിക മികവിലും മികവ് കൈവരിച്ച് വൻമുഖം സ്കൂളിന്റെ അഭിമാന നേട്ടത്തിന്റെ സന്തോഷം ഇവർ പങ്കുവെച്ചു. സ്കൂളിന്റെ വികസനത്തിനായി
പ്രദേശവാസികളോടും രക്ഷിതാക്കളോടൊപ്പം നിന്ന് പ്രവർത്തിച്ചവരായിരുന്നു ഈ അധ്യാപകർ.
ഞങ്ങൾ കണ്ട സ്വപ്നങ്ങൾ ഓരോന്നായി പൂവണിയുന്നു എന്നു കാണുമ്പോൾ ഉണ്ടാവുന്ന ആത്മഹർഷം പറഞ്ഞറിയിക്കുവാനാവില്ല, എന്ന് അധ്യാപകർ പറഞ്ഞു. അനിതരസാധാരണമായ കർമ്മകുശലതയോടെ ഏതു പ്രതിസന്ധിയെയും നേരിടാനുള്ള കരുത്തുള്ള, ആകാശത്തോളം സ്വപ്നം കാണുകയും അത് യാഥാർത്ഥ്യമാക്കാൻ കഠിനയത്നം നടത്താൻ നാടിനെ ഒന്നാകെ ഐക്യത്തോടെ അണിനിരത്തുകയും ചെയ്ത രാജൻ പഴങ്കാവിലിന്റെ കൂടെ പ്രവർത്തിച്ച അധ്യാപകരാണ് ഇന്ന് സംഗമിച്ചത്.
ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് പി.ഡി സുചിത്ര സംഗമം ഉദ്ഘാടനം ചെയ്തു. ഹബീബ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിച്ചു.
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സ്കൂളിലെ മലയാളം അധ്യാപികയും മുൻ വിദ്യാര്ഥിനിയുമായിരുന്ന ബിദൂറിനെ സംഗമം ആദരിച്ചു. ശ്രീ.രാജൻ പഴങ്കാവിൽ ഉപഹാര സമർപ്പണം നിർവ്വഹിച്ചു.
സർവ്വീസിൽ നിന്ന് വിരമിച്ച അധ്യാപകരായ ആർ.ടി അശോകൻ, കെ.കെ. സുമതി, പി.കെ സുരേന്ദ്രൻ ,കെ.കെ.ഗീത, സി.പി.എസ് ഭദ്രൻ, എം.കെ പ്രഭാവതി എന്നിവർക്ക് യാത്രയയപ്പ് നൽകി. ഹെഡ് മാസ്റ്റർ പ്രമോഷൻ നേടിയ വി.വത്സൻ, പ്രതിഭ.ടി എന്നിവരെ അഭിനന്ദിച്ചു. പാചക തൊഴിലാളിയായിരുന്ന സരോജിനിയമ്മയെയും ആദരിച്ചു. അഷറഫ് ടി സ്വാഗതവും മണി.കെ നന്ദിയും പറഞ്ഞു.