”പണി പാളിയ ബോട്ടാണ്, ആള് ലോഡായാല്‍ പണി പാളും” താനൂരില്‍ ബോട്ടപകടത്തിന് മുമ്പ് അറ്റ്‌ലാന്റിക് ബോട്ടിന്റെ അപകടസാധ്യതയെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്


താനൂര്‍: ഇരുപത്തിരണ്ട് പേരുടെ ജീവന്‍ പൊലിയാന്‍ കാരണമായ അറ്റ്‌ലാന്റിക് എന്ന ബോട്ടിന്റെ ഘടന സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കുന്നതിന്റെ വീഡിയോ പുറത്ത്. ബോട്ടിന്റെ അടിഭാഗം വീതി കുറവാണെന്നും അടിഭാഗത്തെ വീതിയ്‌ക്കൊത്ത ഉയരമല്ല ബോട്ടിനുള്ളതെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്.

” അടിവീതിയില്ല. പണി പാളിയ ബോട്ടാണിത്. അടിയ്ക്ക് കണക്കാക്കിയുള്ള ഹൈറ്റ് അല്ല. ഹൈറ്റ് ഓവറാണ്. ആള് ലോഡായാല്‍ പണി പാളും. കൈകാര്യം ചെയ്യുന്നവന്റെ മിടുക്കുപോലെയാണ്. എഞ്ചിന്‍ ഒടിക്കല് തിരിക്കല് ഒക്കെയാണ് പ്രശ്‌നം. ഫുള്‍ ആയിക്കഴിഞ്ഞാലും ഓടിക്കുന്നവന്റെ മിടുക്ക് പോലെയാണ് കാര്യം.” എന്നാണ് ബോട്ടിനെ നോക്കിക്കൊണ്ട് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

അറ്റ്‌ലാന്റിക് ബോട്ട് മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയുണ്ടാക്കിയതാണെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസന്‍സില്ലാത്ത യാര്‍ഡില്‍വെച്ചാണെന്നാണ് ആരോപണം. മീന്‍പിടുത്ത ബോട്ട് ഒരു കാരണവശാലം രൂപമാറ്റം വരുത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തില്‍ അടക്കം പൊലീസ് പരിശോധനയുണ്ടാകും.

കേരളത്തെ കണ്ണീര്‍ കടലില്‍ മുക്കിയ താനൂര്‍ ബോട്ട് ദുരന്തത്തില്‍ 22 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മരിച്ചവരില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്കും മൂന്ന് സ്ത്രീകള്‍ക്കും ഉള്‍പ്പെടും. അനുവദനീയമായതിലും കൂടുതല്‍ പേരെ കയറ്റിയാണ് അപകടത്തില്‍ പെട്ട അറ്റ്‌ലാന്റിക് ബോട്ട് സര്‍വീസ് നടത്തിയതെന്നാണ് പ്രദേശവാസികളും ദൃക്‌സാക്ഷികളും പറയുന്നത്. അങ്ങനെയെങ്കില്‍ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്ന എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്‌സും.