തമിഴ് നടനും ഡി.എം.ഡി.കെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു
ചെന്നൈ: തമിഴിലെ മുന്‍കാല സൂപ്പര്‍താരവും ഡി.എം.ഡി.കെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. കഴിഞ്ഞദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
കമല്‍ ഹാസനും രജനികാന്തിനും പിന്നാലെ തമിഴ് സിനിമയിലെത്തിയ വിജയകാന്ത് എണ്‍പതുകളിലും തൊണ്ണൂറുകളിലും അവര്‍ക്കു തുല്യനിലയിലുള്ള സൂപ്പര്‍ സ്റ്റാറായിരുന്നു. കമല്‍ ഹാസനെയും രജനികാന്തിനെയും പോലെ തന്നെ രാഷ്ട്രീയ പാര്‍ട്ടിയും രൂപീകരിച്ചെങ്കിലും ആരാധകര്‍ പുരട്ച്ചി കലൈഞ്ജറെ തുണച്ചില്ല. രണ്ടുതവണ തമിഴ്‌നാട് നിയമസഭാംഗമായിരുന്നു.
1979-ല്‍ എം എ കാജയുടെ ‘ഇനിക്കും ഇളമൈ’ ആണ് മധുരൈ സ്വദേശി വിജയ്രാജ് എന്ന വിജയകാന്തിന്റെ ആദ്യ ചിത്രം. 1981-ല്‍ എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ‘സത്തം ഒരു ഇരുട്ടറൈ’ ആണ് ആദ്യത്തെ ഹിറ്റ് ചിത്രം. 84ല്‍ പതിനെട്ടോളം സിനിമയില്‍ വരെ നായകനായ വിജയകാന്ത് നിരവധി ആരാധകരുടെ മനംകവര്‍ന്നു. 2010ല്‍ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്. അതുസംവിധാനം ചെയ്തതും അദ്ദേഹമായിരുന്നു. 2015ല്‍ റിലീസായ സതാബ്ദം എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലാണ് അവസാനം വെള്ളിത്തിരയിലെത്തിയത്.
പ്രേമലതയാണ് ഭാര്യ. ഷണ്‍മുഖ പാണ്ഡ്യന്‍, വിജയ പ്രഭാകരന്‍ എന്നിവര്‍ മക്കളാണ്.