താലൂക്കിലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ് സെൻ്ററിന് കെട്ടിട നിർമ്മാണ അനുമതി; വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് കൊയിലാണ്ടിയിൽ താലൂക്ക് വികസന സമിതി യോഗം
കൊയിലാണ്ടി: പ്രദേശത്തെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ കൊയിലാണ്ടിയിൽ താലൂക്ക് വികസന സമിതി യോഗം ചേർന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താലൂക്കിലെ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
ചക്കിട്ടപ്പാറ വില്ലേജിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ് സെൻ്ററിന് പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് അനുമതി ലഭിക്കാത്തതും യോഗം ചർച്ച ചെയ്തു. ചക്കിട്ടപ്പാറ വില്ലേജിൽ മലയോര ഹൈവെ നിർമാണവുമായി ബന്ധപ്പെട്ട് നിലവിലെ റോഡിലെ അറ്റകുറ്റപണി ചെയ്യുന്നതിന് ടെണ്ടർ നടപടികൾ ത്വരിതപ്പെടുത്താനും, അറ്റകുറ്റപണി ഉടൻ പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കാനും യോഗത്തിൽ ആവശ്യമുയർന്നു.
യോഗത്തിൽ തഹസിൽദാർ സി.പി മണി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു, ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, പങ്കെടുത്തു.