‘കരുതലും കൈത്താങ്ങും’; താലൂക്ക്തല അദാലത്തുകള്‍ ഡിസംബര്‍ 9 മുതല്‍ 13 വരെ, നവംബര്‍ 29 മുതല്‍ പരാതി നല്‍കാം


കോഴിക്കോട്: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തുകള്‍ കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ 9 മുതല്‍ നടക്കും. ജില്ലയിലെ നാലു താലൂക്കുകളിലും ഓരോ ദിവസം വീതം നടക്കുന്ന അദാലത്തുകള്‍ക്ക് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും. കോഴിക്കോട് താലൂക്കില്‍ ഡിസംബര്‍ 9നും വടകരയില്‍ 10 നും കൊയിലാണ്ടിയില്‍ 12 നും താമരശ്ശേരിയില്‍ 13 നുമാണ് അദാലത്തുകള്‍ നടക്കുക.

അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പൊതുജന പരാതികള്‍ ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും നവംബര്‍ 29 മുതല്‍ ഡിസംബര്‍ അഞ്ചുവരെ സ്വീകരിക്കും. വ്യക്തികള്‍ക്ക് നേരിട്ടും ഓണ്‍ലൈന്‍ വഴി പരാതികള്‍ നല്‍കാം. പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിനായി താലൂക്ക് തലത്തില്‍ താലൂക്ക് അദാലത്ത് സെല്ലും, ലഭിക്കുന്ന പരാതികള്‍ പരിശോധിക്കാന്‍ വകുപ്പ് തലത്തില്‍ ജില്ലാ അദാലത്ത് സെല്ലും നടപടികള്‍ നിരക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല അദാലത്ത് മോണിറ്ററിങ് സെല്ലും പ്രവര്‍ത്തിക്കും.

പരാതി നല്‍കുന്നവര്‍ അവരുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, താലൂക്ക്, ജില്ല എന്നീ വിവരങ്ങള്‍ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അദാലത്തില്‍ പരിഗണിക്കുവാന്‍ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാത്രമേ സമര്‍പ്പിക്കാവൂ. മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ വകുപ്പ് മേധാവികള്‍, വകുപ്പ് സെക്രട്ടറിമാര്‍, വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നേരിട്ടോ cmo.kerala.gov.in വെബ് പോര്‍ട്ടലിലൂടെ മുഖ്യമന്ത്രിക്കോ സമര്‍പ്പിക്കാവുന്നതാണ്.

അദാലത്തിലേക്ക് ലഭിക്കുന്ന അപേക്ഷകളില്‍ ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്ത് ദിവസം മന്ത്രിമാര്‍ തീരുമാനം കൈക്കൊള്ളും. അദാലത്തുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ആയി നടത്തിയ ആലോചനാ യോഗത്തില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയല്‍, വടകര ആര്‍ഡിഒ ഷാമിന്‍ സെബാസ്റ്റ്യന്‍, എഡിഎം എന്‍ എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍

ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കൈയേറ്റം, അതിര്‍ത്തി തര്‍ക്കങ്ങള്‍, വഴി തടസ്സപ്പെടുത്തല്‍), സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി), വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ് (മുന്‍ഗണനാ കാര്‍ഡുകള്‍, മുന്‍ഗണനേതര കാര്‍ഡുകള്‍- ചികിത്സാ ആവശ്യങ്ങള്‍ക്ക്), കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റല്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം.

അദാലത്തില്‍ പരിഗണിക്കാത്ത വിഷയങ്ങള്‍

നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, പദ്ധതി ശുപാര്‍ശകള്‍, ലൈഫ് മിഷന്‍, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷങ്ങള്‍, വായ്പ എഴുതിത്തള്ളല്‍, പൊലീസ് കേസുകള്‍, പട്ടയങ്ങള്‍, തരംമാറ്റം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായത്തിനായുള്ള അപേക്ഷകള്‍, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെയുളള), സര്‍ക്കാര്‍ ജീവനക്കാര്യം, റവന്യു റിക്കവറി – വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും.