ഈ വേനല്‍ക്കാലത്ത് മുടി നന്നായി കൊഴിയുന്നുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം


ഈചൂട് കാലത്ത് പലര്‍ക്കും പല തരത്തിലുമുളള അസ്വസ്ഥതകളാണ് നേരിടുന്നത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് മുടികൊഴിച്ചില്‍. ആരോഗ്യം സംരക്ഷിക്കുന്ന പോലെ തന്നെ മുടിയും ചര്‍മ്മവുമൊക്കെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. മുടി പ്രകൃതിദത്തമായ രീതിയില്‍ പരിപാലിച്ചാല്‍ ഒരു പരിധി വരെ മുടികൊഴിച്ചില്‍ തടയാനാകും. വേനല്‍ കാലത്ത് അമിതമായി വിയര്‍ക്കുകയും മുടിയില്‍ അഴുക്കും താരനുമൊക്കെ പിടിച്ചിരിക്കാനുള്ള സാധ്യതയും ഏറെ കൂടുതലാണ്.

ഭക്ഷണത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍, നിയാസിന്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, ഒമേഗ-3സി, ഒമേഗ-6 തുടങ്ങിയ പോഷകങ്ങള്‍ മതിയായ അളവില്‍ അടങ്ങിയിരിക്കണം. ബദാം, വാല്‍നട്ട്, അണ്ടിപ്പരിപ്പ് എന്നിവയെല്ലാം ഭക്ഷണത്തില്‍ അധികമായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രമിക്കണം. ചൂട് കാലമാകുമ്പോള്‍ ഇത് കുറച്ച് കൂടുതലാക്കുന്നതായിരിക്കും ഏറെ നല്ലത്. 2 മുതല്‍ 3 ലിറ്റര്‍ വെള്ളം കുടിക്കാനും ജലാംശം അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുവാനും പ്രത്യേകം ശ്രദ്ധിക്കുക.

മുടിയുടെ സംരക്ഷണത്തിന് വീട്ടില്‍ നിന്നും ചെയ്യാവുന്ന പൊടിക്കെകള്‍ നോക്കാം

ചെറു ചൂടുള്ള ഓയില്‍ മസാജ് ചെയ്യുന്നത് തലയോട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. മുടിയില്‍ വളരെയധികം അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായിക്കും. ഇത് തലയോട്ടിയിലെ രക്തയോട്ടം ഉത്തേജിപ്പിക്കാനും പുതിയ മുടിയുടെ വളര്‍ച്ച സുഗമമാക്കാനും മസാജ് സഹായിക്കുന്നു. വെളിച്ചെണ്ണയ്‌ക്കൊപ്പം മറ്റ് എണ്ണകള്‍ യോജിപ്പിച്ച് തേയ്ക്കുന്നതും മുടിയ്ക്ക് നല്ലതാണ്. രാത്രിയില്‍ എണ്ണ തേച്ച് വച്ച ശേഷം രാവിലെ കഴുകി കളയുന്നതും മുടിയുടെ സംരക്ഷണത്തിന് ഏറെ നല്ലതാണ്.

കറ്റാര്‍വാഴ

മുടിയുടെ ചര്‍മ്മത്തിന്റെ സംരക്ഷണത്തില്‍ വളരെ ഫലപ്രദമായ ഒന്നാണ് കറ്റാര്‍വാഴ. വീട്ടിലെ പറമ്പുകളില്‍ വളരെ സുലഭമായി ഇത് ലഭിക്കാറുണ്ട്. മുടി കൊഴിച്ചില്‍, താരന്‍, മുടി പൊട്ടല്‍ തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രകൃതിദത്തമായ പരിഹാരമാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ ജെല്‍ എടുത്ത് മുടിയില്‍ നേരിട്ട് തേയ്ക്കുകയോ അല്ലെങ്കില്‍ മറ്റ് ചേരുവകള്‍ക്കൊപ്പം തേയ്ക്കുന്നതോ നല്ലതാണ്. കറ്റാര്‍ വാഴയ്ക്ക് ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍, തലയോട്ടിയിലെ ജലാംശം നല്‍കി താരന്‍ പോലുള്ള പ്രശ്നങ്ങളെയും ഇത് ചെറുക്കുന്നു.

മുടി കണ്ടീഷനിംങ് ചെയ്യാന്‍ മുട്ടയും ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും അര ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ഇത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് തലയില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടിങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയ്ക്കും ബലത്തിനും നല്ലതാണ്.

ഈ ചൂട് കാലത്ത് ഹീറ്റ് സ്‌റ്റൈലിംഗ് രീതികള്‍ കുറയ്ക്കുന്നതാണ് നല്ലത്. നിരന്തരം മുടിയില്‍ ഹീറ്റ് സ്‌റ്റൈലിംഗ് ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മുടി പൊട്ടി പോകാനും അതുപോലെ കട്ടി കുറഞ്ഞ് പോകാനും കാരണമാകും. ഹെയര്‍ സ്‌ട്രെയ്റ്റ്‌നര്‍, കേളിംഗ് പ്രോഡക്ട്‌സ് എന്നിവയൊന്നും ഉപയോഗിക്കാതിരിക്കുകയോ അല്ലെങ്കില്‍ ചൂട് കുറച്ചിട്ട് ഉപയോഗിക്കുകയോ ചെയ്യാം. ഉറങ്ങുന്നതിന് മുന്‍പ് മുടി പിന്നിയിടുകയോ അല്ലെങ്കില്‍ സ്‌കാര്‍ഫ് ഉപയോഗിച്ച് മൂടുകയോ ചെയ്യാവുന്നതുമാണ്.