കള്ളക്കടല്‍ പ്രതിഭാസം ഇന്ന് കൂടി തുടരുമെന്ന് സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം; കടല്‍ ഉള്‍വലിയാനും കയറാനും സാധ്യത


കോഴിക്കോട്: കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കള്ളക്കടല്‍ പ്രതിഭാസം ഇന്നുകൂടി തുടരുമെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരളതീരത്തും ലക്ഷദ്വീപിലും 2024 മാര്‍ച്ച് 31-ന് രാവിലെയാണ് ഉയര്‍ന്ന തിരമാലകള്‍ ആദ്യമായി അനുഭവപ്പെട്ടത്. അടുത്ത രണ്ട് ദിവസത്തേക്ക്, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഈ പ്രവണത കാണാനും മെല്ലെ ഇവ ദുര്‍ബലമാകാനുമുളള സാധ്യതയാണ് INCOIS അറിയിച്ചിട്ടുള്ളത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ തെക്കുഭാഗത്തായി ചില പ്രത്യേക സമയങ്ങളില്‍ ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ ഫലമായി ഉയര്‍ന്ന തിരകള്‍ ഉണ്ടാവുന്നതിനെയാണ് കള്ളക്കടല്‍ എന്നു പറയുന്നത്. ലക്ഷണങ്ങള്‍ കാണിക്കാതെ തിരകള്‍ പെട്ടന്ന് വരുന്നതുകൊണ്ടാണ് ഇവയെ ‘കള്ളക്കടല്‍’ എന്ന് വിളിക്കുന്നത്. ഈ തിരകള്‍ മൂലം തീരപ്രദേശങ്ങളില്‍ കടല്‍ ഉള്‍വലിയുന്നതിനും കയറുന്നതിനും കാരണമാകും.

ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലും (ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും കള്ളക്കടല്‍ അഥവാ സ്വെല്‍ സര്‍ജ് അലേര്‍ട്ട് 2024 ഏപ്രില്‍ 02 വരെ തുടരാനും സാധ്യതയുണ്ട് എന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.