സീല്‍ഡ് കവറിന്റെ പിറക് വശം മുറിച്ച് ചോദ്യപേപ്പര്‍ ചോര്‍ത്തി, ഫോട്ടോയെടുത്ത് അധ്യാപകന് അയച്ചു; ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ പിടിയിലായ പ്യൂണിന് സസ്‌പെന്‍ഷന്‍


കോഴിക്കോട്: ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ പിടിയിലായ എയ്ഡഡ് സ്‌കൂള്‍ പ്യൂണിനെ സര്‍വ്വീസ് നിന്ന് സസ്‌പെന്റ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. മലപ്പുറം മേല്‍മുറിയിലെ അണ്‍ എയ്ഡഡ് വിദ്യാലയമായ മഅ്ദിന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറാണ് ചോദ്യക്കടലാസ് ചോര്‍ത്തി നല്‍കിയത്. മലപ്പുറം ജില്ലയിലെ രാമപുരം സ്വദേശിയായ ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സ്‌കൂള്‍ അധികൃതരുടെ നടപടി.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ സീല്‍ഡ് കവറിന്റെ പിറക് വശം മുറിച്ചാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഫോണില്‍ ഫോട്ടോ എടുത്ത് എം.എസ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിലെ അധ്യാപകന് അയച്ചുകൊടുത്ത ശേഷം പഴയ പോലെ കവര്‍ ഒട്ടിച്ചുവെച്ചു. പ്ലസ് വണ്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെയും എസ്.എസ്.എല്‍.സിയുടെ ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയെന്ന് ഇയാള്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് എസ്.പി വ്യക്തമാക്കി.

മഅ്ദിന്‍ സ്‌കൂളില്‍ നേരത്തെ പ്രധാനാധ്യാപകനായിരുന്ന എം.എസ് സൊല്യൂഷന്‍സിലെ അധ്യാപകന്‍ ഫഹദിനാണ് നാസര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. കേസില്‍ ഫഹദ് നേനരത്തെ അറസ്റ്റിലായിരുന്നു. പാതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പര്‍ എം.എസ് സൊല്യൂഷന്‍സ് ചോര്‍ത്തി യൂട്യൂബ് ചാനലിലൂടെ നല്‍കുകയായിരുന്നു.

2017-ലാണ് എം.എസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനല്‍ തുടങ്ങിയത്. 2023ലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രവചിച്ചശേഷം ചാനലിന്റെ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായിരുന്നു. ചോദ്യം ചോര്‍ത്തിയത് അബ്ദു നാസര്‍ സമ്മതിച്ചുവെന്നും ഗൂഢാലോചന തെളിഞ്ഞെന്നും ക്രൈം ബ്രാഞ്ച് എസ്.പി മൊയ്തീന്‍കുട്ടി വ്യക്തമാക്കി.