മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സുരേഷ് ചങ്ങാടത്ത് സത്യപ്രതിജ്ഞ ചെയ്തു
പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സുരേഷ് ചങ്ങാടത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പതിനൊന്നുമണിക്ക് മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സുരേഷ് ചങ്ങാടത്ത് എട്ടുവോട്ടുകള്‍ നേടിക്കൊണ്ടാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാജീവന്‍ മാസ്റ്റര്‍ നാലുവോട്ടുകളും നേടി.
മേലടി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഒമ്പത് അംഗങ്ങളും യു.ഡി.എഫിന് നാല് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. കീഴരിയൂരില്‍ നിന്നുള്ള എല്‍.ഡി.എഫ്. അംഗമായ കെ.പി ഗോപാലന്‍ നായര്‍ രാജിവെച്ചതോടെ എല്‍.ഡി.എഫ് അംഗനില എട്ടായി കുറഞ്ഞു.
കീഴരിയൂരില്‍ നിന്നുള്ള അംഗവും പഞ്ചായത്ത് പ്രസിഡണ്ടുമായ കെ പി ഗോപാലന്‍ നായര്‍ ജൂണ്‍ പത്തിന് പാര്‍ട്ടിയെ ഞെട്ടിച്ചു കൊണ്ട് പ്രസിഡന്റ് സ്ഥാനവും ബ്ലോക്ക് പഞ്ചായത്ത് അംഗത്വവും രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ തെരഞ്ഞെടുപ്പ് അനിവാര്യമായത്. പ്രാദേശികമായ പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഗോപാലന്‍ നായര്‍ അപ്രതീക്ഷിതമായി രാജിവെച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ഈ സംഭവങ്ങള്‍ക്കുശേഷം വൈസ് പ്രസിഡന്റായിരുന്ന പി. പ്രസന്നയായിരുന്നു പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നത്. മൂന്ന് ദിവസം മുമ്പ് ചേര്‍ന്ന ജില്ലാകമ്മറ്റി യോഗം സുരേഷ് ചങ്ങാടത്തിനെ പ്രസിസണ്ട് സ്ഥാനത്തേക്ക് തീരുമാനിച്ചിരുന്നു. ജില്ലാ കമ്മറ്റി തീരുമാനം കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര ഏരിയാകമ്മറ്റി യോഗങ്ങളില്‍ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയേയും തീരുമാനം അറിയിച്ചു.
നിലവില്‍ സി.പി.എം പയ്യോളി ഏരിയാ കമ്മറ്റി അംഗമാണ് സുരേഷ് ചങ്ങാടത്ത്. കര്‍ഷക സംഘം പയ്യോളി ഏരിയാ സെകട്ടറിയും ജില്ലാകമ്മറ്റി അംഗവുമാണ്. എസ്.എഫ്.ഐ യിലൂടെയാണ് സി.പി.എമ്മിലേക്കെത്തിയത്. എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെകട്ടറിയായും പിന്നീട് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ ടി.ഷീബ സി.പി.എം പയ്യോളി ഏരിയാ കമ്മറ്റി അംഗമായും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു. ഏക മകന്‍ സരോദ് ചങ്ങാടത്ത് ബാലസംഘം സംസ്ഥാന സെക്രട്ടറിയും എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗവുമാണ്.