വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ല; ഹിന്ദു മാരേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിൽ സുപ്രിം കോടതി


ന്യൂഡൽഹി: ഹിന്ദു മാരേജ് ആക്ട് പ്രകാരം ഉള്ള വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രിം കോടതി പറഞ്ഞു. തമിഴ്നാട്ടിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ച് നടന്ന വിവാഹം സാധുവാണെന്ന് വിധിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.

ആരെ വിവാഹം ചെയ്യണം എന്നുള്ളത് വിവാഹിതരാകുന്നവരുടെ വ്യക്തിപരമായ വിഷയമാണ്. അതിൽ ആരുടെയും ഇടപെടലിന്റെയും സമ്മതത്തിന്റെയും ആവശ്യമില്ല. മുൻകൂർ അറിയിപ്പും വിജ്ഞാപനവും വിവാഹം നിർബന്ധിതമായി തടസ്സപ്പെടാൻ കാരണമാകുന്നുവെന്നും കോടതി പറഞ്ഞു.

അഭിഭാഷകന്റെ ചേംബറില്‍വെച്ച് വരനും വധുവും പരസ്പരം മാലയും മോതിരവും കൈമാറുന്ന ലളിതമായ ചടങ്ങിലൂടെയും വിവാഹം നടത്താമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹിന്ദു മാരേജ് ആക്ട് പ്രകാരം, അപരിചിതരായ ആളുകളുടെ മുന്നില്‍ വെച്ച് രഹസ്യമായി നടത്തുന്ന വിവാഹം സാധുവല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിയിന്മേലാണ് സുപ്രീം കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മാരേജ് ആക്ട് അനുച്ഛേദം 7(എ) പ്രകാരം, സഹൃത്ത്/ബന്ധു/സാമൂഹികപ്രവര്‍ത്തകന്‍ തുടങ്ങിയ നിലയില്‍ അഭിഭാഷകര്‍ക്ക് വിവാഹം നടത്താന്‍ കഴിയുമെന്ന് ജസ്റ്റിസമാരായ എസ്. രവീന്ദ്ര ഭട്ടും അരവിന്ദ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

Summary: Supreme Court on Marriage under Hindu Marriage Act