കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടിനെ സസ്‌പെന്റ് ചെയ്ത നടപടി ഉടന്‍ പിന്‍വലിക്കുക; ശക്തമായ പ്രതിഷേധവുമായി കൊയിലാണ്ടിയിലെ ഡോക്ടര്‍മാര്‍


കൊയിലാണ്ടി: കോഴിക്കോട് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ.കെ.സി രമേശനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി കൊയിലാണ്ടിയിലെ ഡോക്ടര്‍മാര്‍. താലൂക്ക് ആശുപത്രിയില്‍ നടന്ന പ്രതിഷേധത്തില്‍ ആശുപത്രിയിലെ എല്ലാ ഡോക്ടര്‍മാരും പങ്കെടുത്തു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ.കെ.സി. രമേശനെ സസ്‌പെന്റ് ചെയ്ത നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ആശുപത്രി സൂപ്രണ്ട് ഡോ.ഷീലയും ഡോ.സന്ധ്യകുറുപ്പും ആവശ്യപ്പെട്ടു.

സര്‍വ്വീസിലിരിക്കെ മികച്ച നിരവധി സേവനങ്ങള്‍ ചെയ്തയാളാണ് ഡോ.രമേശന്‍. കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയെ ഇന്നുകാണുന്ന രീതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. അനുവദീയമായ അവധി ദിവസങ്ങള്‍ പോലും ഉപയോഗിക്കാതെ മെഡിക്കല്‍ രംഗത്ത് സേവനസന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. വിരമിക്കാന്‍ വളരെ കുറച്ചുകാലം അവസാനിക്കെ അദ്ദേഹത്തിനെതിരായ ഈ നടപടി ഏറെ പ്രയാസമുണ്ടാക്കുന്നതാണെന്നും ഡോ. സന്ധ്യ കുറുപ്പ് പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന രോഗിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഡോക്ടര്‍ക്കല്ലെന്നും അവര്‍ പറഞ്ഞു.

ഡോക്ടര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ച് സമരം ചെയ്യുകയാണ്. അവര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടുള്ളതാണ് കൊയിലാണ്ടിയിലെ പ്രതിഷേധം.

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ടാണ് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. റിമാന്‍ഡ് പ്രതിയായ മലപ്പുറം സ്വദേശി ഇര്‍ഫാനാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭിത്തി തുരന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് ബൈക്കില്‍ കോട്ടക്കലിലേക്ക് പോകവെ വാഹനാപകടത്തില്‍ മരണപ്പെടുകയായിരുന്നു.

നിരവധി വാഹനമോഷണക്കേസുകളില്‍ പ്രതിയായ ഇര്‍ഫാനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.