പഠനം പാതിവഴിയില്‍ നിര്‍ത്തിയവരാണോ? സംസ്ഥാന സാക്ഷരതാമിഷന്റെ തുല്യതാ കോഴ്‌സിലൂടെ വീണ്ടും പഠിക്കാം, വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന പത്താംതരം ഹയര്‍സെക്കന്ററി തുല്യതാ കോഴ്‌സുകള്‍ക്ക് ഏപ്രില്‍ 30 വരെ 50 രൂപ ഫൈനോടെ അപേക്ഷിക്കാം. 17 വയസ്സ് പൂര്‍ത്തിയായ എഴാംക്ലാസെങ്കിലും ജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്സില്‍ ചേരാം. എട്ടിനും 10 നും ഇടയില്‍ പഠനം നിര്‍ത്തിയവര്‍ക്കും ഇപ്പോള്‍ പത്താംതരത്തിന് ചേരാം. 1,950 രൂപ ഫീസും 50 രൂപ ഫൈനും ഉള്‍പ്പെടെ 2,000 രൂപ ഫീസ് അടയ്ക്കണം.

ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗത്തിലാണ് സാക്ഷരതാമിഷന്‍ ഹയര്‍സെക്കന്ററി കോഴ്സുകള്‍ നടത്തുന്നത്. 22 വയസ്സ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്ററി പ്ലസ് വണ്‍ തുല്യതാ കോഴ്സിനും ഇപ്പോള്‍ അപേക്ഷിക്കാം. 2,600 രൂപ ഫീസും, 50 രൂപ ഫൈനും ഉള്‍പ്പെടെ 2,650 രൂപ ഫീസ് അടയ്ക്കണം. രണ്ടാം വര്‍ഷത്തേക്കുള്ള ഫീസ് പിന്നീട് അടച്ചാല്‍ മതി. പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഫീസ് ഇളവ് ഉണ്ട്. ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്‌ജെണ്ടര്‍ വിഭാഗത്തിനും സൗജന്യമായി കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാം. ഫീസുകള്‍ സാക്ഷരതാമിഷന്റെ ചലാന്‍ വഴി ബാങ്കില്‍ ആണ് അടക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വഴി ചേരുന്നവര്‍ക്ക് സെക്രട്ടറിമാരുടെ അണ്ടര്‍ടേകിംഗ് നല്‍കിയാല്‍ മതിയാകും. അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ സാക്ഷരതാമിഷന്‍ വിദ്യാകേന്ദ്രളില്‍ നിന്നും സിവില്‍സ്റ്റേഷനിലെ ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0495 2370053.