സ്ത്രീകളുടെ മാറി വരുന്ന ജീവിത-ഭക്ഷണ ശൈലികൾ, വ്യായാമമില്ലായ്മ, ടെൻഷൻ; ആശങ്കജനിപ്പിച്ച് കേരളത്തിലെ സ്തനാർബുദ രോഗികളുടെ എണ്ണം വർധിക്കുന്നു, ഏറ്റവും കൂടുതൽ രോഗികളുള്ളത് കോഴിക്കോട്
കോഴിക്കോട്: സ്തനാർബുദം ബാധിക്കുന്നവരുടെ എണ്ണം വർഷംതോറും വർധിച്ച് വരുന്നുവെന്ന് പഠനം. ഇതിന്റെ ഭാഗമായി നടന്ന സർവേയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്തനാർബുദ രോഗികളുള്ള ജില്ല കോഴിക്കോടാണെന്ന് കണ്ടെത്തി. രണ്ടാം സ്ഥാനം കണ്ണൂരാണ്. ഓരോ വർഷവും 7000 സ്ത്രീകൾക്ക് പുതുതായി സ്തനാർബുദം ബാധിക്കുന്നതായി കേരളത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. അതായത് കേരളത്തിലെ ഒരു ലക്ഷം സ്ത്രീകളിൽ 40 മുതൽ 45 വരെ പേർ അർബുദ ബാധിതരാവുന്നു.
സ്ത്രീകളുടെ മാറി വരുന്ന ജീവിത-ഭക്ഷണ ശൈലികൾ, വ്യായാമമില്ലായ്മ, ടെൻഷൻ, സമ്മർദം, അതുപോലെ വൈകിയുള്ള വിവാഹം, ഹോർമോൺ അസന്തുലിതാവസ്ഥ, അമ്മമാരിലെ മുലയൂട്ടൽ ഇല്ലായ്മ എന്നിവയെല്ലാം സ്തനാർബുദത്തിന് കാരണമാകുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. സാധാരണ 40 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായി കാണപ്പെടുന്നത്.
അപൂർവമായി 20 മുതൽ 40 വരെയുള്ള പ്രായക്കാർക്കും ഗർഭിണികൾക്കും അർബുദം ബാധിക്കാം. ആരോഗ്യ വകുപ്പ് കേരളത്തിൽ നടത്തിയ സർവേയിലെ റിപ്പോർട്ടാണിത്.30 വയസും അതിൽ കൂടുതലുമുള്ള 7,06,275 സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 12,093 സ്ത്രീകൾക്ക് 1.71 ശതമാനവും സ്തനാർബുദ സാധ്യതയുണ്ടെന്ന് കണ്ടെത്തി.
ജീവിതശൈലീരോഗങ്ങളുടെ പട്ടികയിലാണ് സ്തനാർബുദത്തെ ഇന്ന് ഡോക്ടർമാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ശരീരത്തിൽ ഉണ്ടാവുന്ന ചില ജനിതക വ്യതിയാനങ്ങളാണ് അർബുദ രോഗബാധയ്ക്കുള്ള പ്രധാന കാരണം.എന്നാലും സ്ത്രീ ശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്ടറോൺ ഹോർമോണുകളുടെ വ്യതിയാനങ്ങൾ, ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ, മാംസാഹാരവും കൊഴുപ്പ് കൂടിയതുമായ ഭക്ഷണക്രമം, അമിത വണ്ണം, വ്യായാമക്കുറവ്, പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യാത്ത അവസ്ഥ, കൂടുതലായുള്ള ഹോർമോൺ ഉപയോഗം, നേരത്തെയുള്ള ആർത്തവാരംഭം, വൈകിയുള്ള ആർത്തവ വിരാമം തുടങ്ങിയ ഘടകങ്ങളും സ്തനാർബുദ ബാധയ്ക്കുള്ള കാരണങ്ങളായേക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വളരെ ചെറിയ ശതമാനം സ്ത്രീകളിൽ പാരമ്പര്യമായും സ്തനാർബുദം ബാധിച്ചേക്കാം.
Summary: studies-show-that-the-number-of-people-affected-by-breast-cancer-is-increasing-every-year.