ഫീസ് അടയ്ക്കാന്‍ കൊണ്ടുവന്ന പണം നഷ്ടപ്പെട്ടു, കിട്ടിയത് സഹപാഠികള്‍ക്ക്; അരിക്കുളത്ത് വീണുകിട്ടിയ വലിയ തുക ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദന പ്രവാഹം
അരിക്കുളം: കളഞ്ഞു കിട്ടിയ 3500 രൂപ തിരികെ ഉടമയെ ഏല്‍പ്പിച്ച് മാതൃകയായി വിദ്യാര്‍ത്ഥികൾ. അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അനിരുദ്ധ് അതുല്‍ എന്നിവരാണ് അഭിനന്ദനാര്‍ഹമായ പ്രവൃത്തിയിലൂടെ മാതൃകയായത്.
അരിക്കുളം ഐഡിയല്‍ ട്യൂഷന്‍ സെന്ററില്‍ പത്താ ക്ലാസിലേക്കുള്ള ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന ഇരുവര്‍ക്കും വ്യാഴ്‌ഴ്ച്ച രാവിലെയാണ് ട്യൂഷന്‍ സെന്ററിനു സമീപത്തു നിന്നും രൂപ കളഞ്ഞു കിട്ടുന്നത്. ഉടമയെ കണ്ടെത്താനാവാതെ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥികള്‍ തുക ട്യൂഷന്‍ സെന്ററിലെ അധ്യാപകരെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തില്‍ ട്യൂഷന്‍ സെന്ററിലെ തന്നെ അമയ എന്നു പേരുള്ള മറ്റൊരു വിദ്യാര്‍ത്ഥിയുടെ ട്യൂഷന്‍ ഫീസ് അടക്കാനായി കൊണ്ടുവന്ന പണമാണെന്ന് തിരിച്ചറിയുകയായിരുന്നു.
അധ്യാപകരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സഹപാഠിയ്ക്ക് പണം കൈമാറി. മാതൃകാപരമായ പ്രവൃത്തി ചെയ്ത വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ അഭിനന്ദിച്ചു. അരിക്കുളം പരത്തിയുള്ളതില്‍ വിജയന്റെ മകനാണ് അനിരുദ്ധ്. കാവുംപുറത്ത് മീത്തല്‍ ഷാജുവിന്റെ മകനാണ് അതുല്‍.