നാൽപ്പത്തിയേഴു വർഷങ്ങൾക്കു ശേഷം ഓർമ്മച്ചെപ്പുകൾ തുറക്കാൻ അവർ വീണ്ടും ഒത്തുകൂടി; ആവേശമായി കൊയിലാണ്ടി ഗവ.കോളജിലെ പ്രഥമ ബാച്ചിന്റെ ഒത്തുകൂടൽ
കൊയിലാണ്ടി: നാൽപ്പത്തിയേഴു വർഷങ്ങളുടെ കഥകൾ പറയാനുണ്ടായിരുന്നു അവർക്ക്, എന്നാൽ വീണ്ടും കണ്ടപ്പോൾ എവിടെ നിന്ന് തുടങ്ങണമെന്നറിയാതെ അവർ ഒരു നിമിഷം നിന്നു, കാലം ആളുകളിൽ വരുത്തിയ മാറ്റങ്ങൾ കണ്ടുപിടിക്കുന്നതിനോടൊപ്പം കലാലയ കാല ഓർമ്മകളും അവർ പങ്കിട്ടു. ഗവ.കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥികൾ ആണ് ഓർമച്ചെപ്പ് 2022 എന്ന കൂട്ടായ്മയിലൂടെ ഒരിക്കൽ കൂടി ഒത്തുചേർന്നത്.
1975 ൽ ആരംഭിച്ച കൊയിലാണ്ടി ഗവ.കോളജിലെ പ്രഥമ ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് നഗരസഭ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച നടന്നത്. കോമേഴ്സ്, ഹിസ്റ്ററി എന്നീ ഗ്രൂപ്പുകളിലായി 160 പേരാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. അതിൽ 102 പേർ ഒത്തുചേരലിൽ പങ്കെടുത്തു. നീണ്ട 47 വർഷത്തിനിപ്പുറം പ്രിയ സഹപാഠികളെ ഒരിക്കൽ കൂടി കണ്ട ആവേശത്തിലായിരുന്നു എല്ലാവരും.
സംഗമത്തിൽ പൂർവ അദ്ധ്യാപകരായ പ്രൊഫ. ടി.എം. ഇസ്മയിൽ, പ്രൊഫ. ഏ.അബ്ദു, പ്രൊഫ.പി.കെ.കെ. തങ്ങൾ എന്നിവരെയും പ്രിയ സഹപാഠിയും പ്രശസ്ത ചിത്രകാരനുമായ ആർട്ടിസ്റ്റ് മദനനെയും ആദരിച്ചു. അന്തരിച്ച അധ്യാപകരെയും പതിനേഴ് സഹപാഠികളെയും അനുസ്മരിച്ചു. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പരിപാടിക്ക് മികവേകി.
ചെയർമാൻ വിനോദ് വായനാരി അധ്യക്ഷത വഹിച്ചു. കരുണൻ അമ്പാടി, അജയൻ മക്കാട്ട്, രാജൻ കേളോത്ത്, ദാമോദരൻ കീഴരിയൂർ, രമ മടപ്പള്ളി എന്നിവർ നേതൃത്വം നൽകി. കൂട്ടായ്മയുടെ കൺവീനർ രാജൻ പഴങ്കാവിൽ സ്വാഗതം പറഞ്ഞു.