കടംവീട്ടാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകവുമായി വിദ്യാര്‍ഥി; ചോദിച്ചത് അഞ്ച് ലക്ഷം, സംഭവം കോഴിക്കോട്


കോഴിക്കോട്: സുഹൃത്തുക്കളില്‍ നിന്ന് ബൈക്ക് കടംവാങ്ങിയതിനെ ചൊല്ലിയുണ്ടായ കടം തിരികെ നല്‍കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകവുമായി വിദ്യാര്‍ഥികള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

വ്യാഴാഴ്ച വൈകിയിട്ടായിരുന്നു സംഭവം നടന്നത്. പത്താംക്ലാസുകാരനായ വിദ്യാര്‍ഥി സ്‌കൂള്‍ വിട്ട് ഏറെ നേരം കഴിഞ്ഞും വീട്ടിലെത്താതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥിയുടെ വീട്ടിലെത്തി. ആ സമയത്ത് രക്ഷിതാക്കളുടെ മൊബൈലില്‍ ഒരു ഫോണ്‍ കോള്‍ വന്നു. ”നിങ്ങളുടെ മകന്‍ ഞങ്ങളുടെ കസ്റ്റഡിയിലാണെന്നും വിട്ടുകിട്ടാന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും’ ആയിരുന്നു ഫോണ്‍ വിളിച്ചവര്‍ ആവശ്യപ്പെട്ടത്.

ഇതുസംബന്ധിച്ച് മെഡിക്കല്‍ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിദ്യാര്‍ഥികള്‍ നടത്തിയ നാടകം പൊളിയുന്നത്. വിദ്യാര്‍ഥി സുഹൃത്തുക്കളായ രണ്ടുപേരില്‍ നിന്നും ബൈക്ക് കടംവാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുലക്ഷം രൂപ ഈ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുണ്ട്. സുഹൃത്തുക്കള്‍ ഈ പണം ആവശ്യപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു നാടകം നടത്തിയത്.

സംഭവത്തില്‍ പരാതിയൊന്നുമില്ലാത്തതിനാല്‍ വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സില്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Summary: Student with kidnapping drama to pay off debt in kozhikode