പൊയില്‍ക്കാവിന് തീരാ നോവായി നവനീതിന്റെ ആകസ്മിക വിയോഗം; കണ്ണീരോടെ വിടയേകി നാട്


ചേമഞ്ചേരി: തിരുവങ്ങൂരിലെ കുളത്തില്‍ ഇറങ്ങുമ്പോള്‍ അവര്‍ മൂന്ന് പേരും അറിഞ്ഞിരുന്നില്ല ഇത് അവരുടെ ജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്ന ദിവസമാവുമെന്ന്. ശനിയാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു തിരുവങ്ങൂരിലെ കൃഷ്ണകുളത്തില്‍ കുളിക്കാനിറങ്ങിയ പൊയില്‍ക്കാവ് പാറക്കല്‍ താഴ നവനീത് മുങ്ങി മരിച്ചത്. ഒരുമിച്ച് കളിച്ചു വളര്‍ന്ന കളിക്കൂട്ടുകാരന്റെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ആ രണ്ട് സുഹൃത്തുക്കള്‍ക്കും ഈ നിമിഷം വരെയും സാധിച്ചിട്ടില്ല.

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു നവനീത്. അമ്പലത്തില്‍ പോവുന്നു എന്നു പറഞ്ഞാണ് നവനീത് വീട്ടില്‍ നിന്നുമിറങ്ങിയത്. പിന്നാലെ രണ്ട് സുഹൃത്തുക്കളെയും കൂട്ടി അമ്പലത്തിലെത്തി. എന്നാല്‍ അമ്പലത്തിലെത്തിയതും കുളം കണ്ടിട്ടു മടങ്ങാമെന്നായി നവനീത്. കുളത്തിലെത്തിയപ്പോള്‍ എനിക്ക് നീന്തലറിയാം, ഞാന്‍ നീന്തിയിട്ട് വേഗം കയറാമെന്നും സുഹൃത്തുക്കളോട് പറഞ്ഞു.

എന്നാല്‍ വീട്ടില്‍ പറയാതെ വന്നതിനാല്‍ മറ്റു രണ്ട് കുട്ടികകളും കുളത്തിലിറങ്ങാന്‍ തയ്യാറായില്ല. അവര്‍ രണ്ടു പേരും കരയില്‍ തന്നെ ഇരുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കുളത്തിലറങ്ങിയ നവനീത് കയത്തിലേക്ക് മുങ്ങിപ്പോയി. ഇതുകണ്ട സുഹൃത്തുക്കളിലൊരാള്‍ കുളത്തിലിറങ്ങി നവനീതിനെ രക്ഷിക്കാന്‍ ശ്രമവും നടത്തി. എന്നാല്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ നീന്തലറിയാതെ കുളത്തിന്‍ കരയില്‍ നിന്ന സുഹൃത്ത് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. എന്നാല്‍ ഓടിക്കൂടിയവര്‍ക്ക് നീന്തലറിയാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. തുടര്‍ന്ന് അതുവഴി ബൈക്കിലെത്തിയ രണ്ട് പേരാണ് നവനീതിനെ കരയ്‌ക്കെത്തിക്കുന്നത്. അപ്പോഴേക്കും കുട്ടിയുടെ ശ്വാസം നിലച്ചിരുന്നു. പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തിരുവങ്ങൂര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നവനീത്. സ്‌ക്കൂളില്‍ കുറച്ച് സമയം പൊതുദര്‍ശനത്തിന് വച്ചു. ശേഷം നാലുമണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.  ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലാണ് നവനീതിന്റെ അച്ഛന്‍ പ്രകാശന്‍ ജോലി ചെയ്യുന്നത്. മകന്റെ മരണ വിവരമറിഞ്ഞ് ഇന്നലെ തന്നെ പ്രകാശന്‍ നാട്ടിലേക്ക് തിരിച്ചിരുന്നു. സ്വപ്‌നയാണ് അമ്മ. സഹോദരി നമിത.