പെരുവട്ടൂരിൽ വെച്ച് അപകടത്തിൽ കൈക്ക് പരിക്കേറ്റു, കയ്യിലെ വള കാരണം പ്ലാസ്റ്റര്‍ ഇടാന്‍ കഴിഞ്ഞില്ല; ഓടിയെത്തി വള മുറിച്ച് നീക്കി കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് (വീഡിയോ കാണാം)


കൊയിലാണ്ടി: അപകടത്തില്‍ കൈക്ക് പരിക്കേറ്റ് പ്ലാസ്റ്ററിടാന്‍ കഴിയാതിരുന്നയാള്‍ക്ക് രക്ഷകരായി ഫയര്‍ ഫോഴ്‌സ്. നടേരി ഒറ്റക്കണ്ടം സ്വദേശി ഹരികൃഷ്ണനാണ് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് രക്ഷകരായത്.

ചൊവ്വാഴ്ച ഉച്ചയോടെ പെരുവട്ടൂര്‍ ഉജ്ജയിനിക്ക് സമീപമാണ് പിക്ക് അപ്പ് വാനും ബൈക്കും ഇടിച്ച് അപകടമുണ്ടായത്. തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ ഹരികൃഷ്ണനെ പരിക്കുകളുമായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കൈക്കായിരുന്നു ഹരികൃഷ്ണന് പരിക്കേറ്റത്. എന്നാല്‍ കയ്യില്‍ ധരിച്ചിരുന്ന വള കാരണം പ്ലാസ്റ്റര്‍ ഇടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല.

വള ഒരു തരത്തിലും അഴിച്ച് മാറ്റാന്‍ കഴിയാതിരുന്നതോടെയാണ് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചത്.

തുടര്‍ന്ന് കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിതിന്‍രാജ്, ശ്രീരാഗ് എന്നിവര്‍ കട്ടര്‍ ഉപയോഗിച്ച് വള സുരക്ഷിതമായി മുറിച്ചു നീക്കുകയായിരുന്നു. ഇതിന്റെ വീഡിയോ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.

വീഡിയോ കാണാം: