ദേശീയപാതയിലെ മഴവെള്ളം പയ്യോളിയിലെ പരിസരപ്രദേശങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്നതിനെതിരെ പ്രതിഷേധം ശക്തം


പയ്യോളി: ദേശീയപാതയിലെ മഴവെള്ളം പയ്യോളിയിലെ പരിസരപ്രദേശങ്ങളിലേക്ക് ഒഴുക്കിവിടാനുള്ള നഗരസഭ അധികൃതരുടെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം. 21ാം ഡിവിഷനിലെ ജനങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വോട്ടര്‍മാര്‍ ആവശ്യപ്പെട്ടപ്രകാരം വിളിച്ചുചേര്‍ത്ത അടിയന്തിര വാര്‍ഡ് സഭയിലാണ് പ്രതിഷേധം അറിയിച്ചത്.

പ്രദേശത്തേക്ക് വെള്ളം ഒഴുക്കി വിടുന്നതിനെതിരെ വാര്‍ഡ് സഭയില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠേന പാസാക്കി. മഴ വെള്ളത്തോടൊപ്പം മലിനജലവും ഒഴുക്കിവിടുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. മലിനജലം കടലിലേക്കോ പുഴയിലേക്കോ ഒഴുക്കി വിടണമെന്ന് പ്രമേയം നഗരസഭയോട് ആവശ്യപ്പെട്ടു.

നഗരസഭചെയര്‍മാന്‍, മറ്റ് സ്ഥിരം സ്ഥിരം സമിതി അധ്യക്ഷര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ വാര്‍ഡ് സഭയില്‍ പങ്കെടുക്കാ തിരുന്നതിനെതിരെയും ജനങ്ങള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കൗണ്‍സിലര്‍ സി.പി ഫാത്തിമ, ഡിവിഷന്‍ കോ ഓര്‍ഡിനേറ്റര്‍ രമ്യ, വാര്‍ഡ് വികസന സമിതി ചെയര്‍മാന്‍ ഇ.കെ ശീതള്‍രാജ് എന്നിവര്‍ പങ്കെടുത്തു. ലളിതബാബു പ്രമേയം അവതരിപ്പിച്ചു. യു. സജീവന്‍, അരവിന്ദന്‍, റസാഖ് അയനിക്കാട്, വി.കെ പ്രേമന്‍, എ.വി ചന്ദ്രന്‍, ഗോവിന്ദന്‍, പി.കെ അജയന്‍ എന്നിവര്‍ സംസാരിച്ചു .എം.സി ഷാജി നന്ദിയും പറഞ്ഞു.

Summary: strong protest against the discharge of rainwater from the national highway into the surrounding areas of Payyoli.