ലോക്‌സഭാ തെരഞ്ഞെടുപ്പ്; വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി, ജനങ്ങള്‍ക്ക് അധികൃതരെ പരാതി അറിയിക്കാമെന്നും ജില്ലാ കലക്ടര്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് വേളയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശമുണ്ട്. വ്യാജ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ 1950 ടോള്‍ ഫ്രീ നമ്പറില്‍ പരാതിപ്പെടാമെന്നും കലക്ടര്‍ അറിയിച്ചു.
മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) വ്യാജവാര്‍ത്തകള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യും. സിറ്റി പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലും ഇതിനായി ഹെല്‍പ്ലൈന്‍ ഒരുക്കിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
വ്യാജ വാര്‍ത്തകള്‍ പരിശോധിക്കാനും അപകീര്‍ത്തികരമായ വാര്‍ത്തകളും പണം, ഉപഹാരം സ്വീകരിച്ചുള്ള വാര്‍ത്തകളും പരിശോധിച്ച് നടപടിയെടുക്കാനുമുള്ള എം.സി.എം.സി കലക്ടറേറ്റില്‍ പ്രവര്‍ത്തനം തുടങ്ങി. 18 അംഗ ആളുകളാണ് രണ്ടു ഷിഫ്റ്റുകളിലായി കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നത്. ഉദ്ദേശം 25 ലക്ഷം വോട്ടര്‍മാരുള്ള കോഴിക്കോട് ജില്ലയില്‍ 2230 പോളിംഗ് സ്റ്റേഷനുകളാണ് നിലവിലുള്ളത്. ഇതില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വരുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളും ഉള്‍പ്പെടും.
ഈ പോളിങ് സ്റ്റേഷനുകള്‍ക്ക് പുറമേ 1500 വോട്ടര്‍മാരില്‍ കൂടുതലുള്ള പോളിംഗ് സ്റ്റേഷന് അനുബന്ധമായി ഓക്‌സിലറി പോളിംഗ് സ്റ്റേഷനുകള്‍ ഉണ്ടാകും. 1500 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള 25 മുതല്‍ 30 ശതമാനം വരെ പോളിങ് സ്റ്റേഷനുകള്‍ ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമോരുക്കുന്ന 12 ഡി ഫോമുകള്‍ ബി.എല്‍.ഒ വഴി ഏപ്രില്‍ രണ്ടു വരെ സ്വീകരിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ മാര്‍ച്ച് 25 വരെ ഉണ്ടാകും. അതിനുശേഷവും പേര് ചേര്‍ക്കാമെങ്കിലും വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടില്ല. വോട്ടര്‍പട്ടികയില്‍ നിന്ന്
പേര് നീക്കം ചെയ്യാനുള്ള സമയം മാര്‍ച്ച് 16 ന് കഴിഞ്ഞു.
ജില്ലയിലെ മൊത്തം വോട്ടര്‍മാരില്‍ ഭിന്നശേഷിക്കാരുടെ എണ്ണം 35,000 ഉം 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ എണ്ണം 25000 മാണ്. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്ന സംഘം ഓരോ നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കും.
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്ന മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കും. പൊതുഅവധി ഒഴികെയുള്ള ദിവസങ്ങളില്‍ കോഴിക്കോട്, വടകര വരണാധികാരി മുന്‍പാകെ
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.ആര്‍.പി.എഫിന്റെ ഒരു സംഘം നാളെ (ബുധന്‍) നഗരത്തില്‍ എത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ അറിയിച്ചു. കോഴിക്കോട് റൂറലില്‍ ഒരു സംഘം എത്തിക്കഴിഞ്ഞു. സി.ആര്‍.പി.എഫിന്റെ റൂട്ട് മാര്‍ച്ചും വരും ദിവസങ്ങളില്‍ ഉണ്ടാകും. നഗരത്തിന്റെ ജില്ലാതിര്‍ത്തിയില്‍ പോലീസ് ഒന്‍പത് ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കും. ഇതില്‍ കൂടുതലും മലപ്പുറം അതിര്‍ത്തിയില്‍ ആയിരിക്കും.
വ്യാജ വാര്‍ത്തകളെക്കുറിച്ചും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങളും ജനങ്ങള്‍ക്ക് പോലീസ് സോഷ്യല്‍ മീഡിയ സെല്ലിന്റെ 9497942711 നമ്പറില്‍ അറിയിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ ലൗഡ്‌സ്പീക്കര്‍ അനുമതി നിര്‍ബന്ധമായി വാങ്ങിയിരിക്കണം. അനുമതി കടലാസ് പ്രചാരണ വാഹനത്തിന്റെ മുന്നില്‍ പതിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ പേര് ഉള്ളവരില്‍ തെരഞ്ഞെടുപ്പ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് പോലുള്ള മറ്റ് അംഗീകൃത കാര്‍ഡുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ ഒരു തടസ്സവുമില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. സബ്ബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, വടകര ലോക്സഭാ മണ്ഡലത്തിലെ വരണാധികാരി കൂടിയായ എ.ഡി.എം കെ അജീഷ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഡോ. ശീതള്‍ ജി.മോഹന്‍ എന്നിവരും പങ്കെടുത്തു.