വാഹനങ്ങളില്‍ അനധികൃത ബോര്‍ഡുകളും സ്റ്റിക്കറുകളും നീക്കം ചെയ്തില്ലെങ്കില്‍ നടപടി; മുന്നറിയിപ്പുമായി മോട്ടോര്‍വാഹന വകുപ്പ്


കോഴിക്കോട്: വാഹനങ്ങളിലെ അനധികൃത ബോര്‍ഡുകളും സ്റ്റിക്കറുകളും ഉടന്‍ നീക്കണമെന്നു മോട്ടോര്‍വാഹന വകുപ്പ്. ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടാകും. സ്റ്റിക്കറുകള്‍ വ്യാപകമായി ദുരുപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മോട്ടോര്‍വാഹന വകുപ്പിന്റെ നീക്കം.

ഇത്തരം ബോര്‍ഡുകളും സ്റ്റിക്കറുകളും എ.ഐ.ക്യാമറയില്‍ പതിഞ്ഞാല്‍ അതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. ആദ്യഘട്ടം നിയമലംഘകര്‍ക്കു നോട്ടീസ് നല്‍കും. നീക്കിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയെടുക്കാനാണു നിര്‍ദേശം. മുമ്പും ഇതുസംബന്ധിച്ച നിര്‍ദേശം ഉണ്ടായിട്ടുണ്ടെങ്കിലും കര്‍ശന നടപടിയിലേക്കു കടന്നിരുന്നില്ല.

വിവിധ സംഘടനകളും സ്ഥാപനങ്ങളും വിവിധ നിറത്തിലും വലുപ്പത്തിലുമുള്ള ബോര്‍ഡുകള്‍ വെക്കാറുണ്ട്. ചില സംഘടനാ ഭാരവാഹികളും ബോര്‍ഡുവെച്ച വാഹനങ്ങളിലാണു സഞ്ചരിക്കുന്നത്. സര്‍ക്കാര്‍സംവിധാനങ്ങളുടെതുള്‍പ്പെടെ അനുവദനീയമായ ബോര്‍ഡുകള്‍ നീക്കം ചെയ്യേണ്ടതില്ല.

എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നിലവില്‍ പിഴയീടാക്കുന്നില്ല. വരുംദിവസങ്ങളില്‍ നിയമലംഘകര്‍ക്കു ബോധവത്കരണ നോട്ടീസ് നല്‍കും. ഇതിനു പിഴയടക്കേണ്ടിവരില്ല. ഈ പ്രവര്‍ത്തനത്തിന്റെ ചുമതലയും കെല്‍ട്രോണിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

നിയമലംഘനത്തിനുള്ള പിഴ എന്നുമുതല്‍ ഈടാക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.